ഖത്തറില്‍ ലോകാരോഗ്യ സംഘടനയുടെ കണ്‍ട്രി ഓഫീസ് ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ലോകാരോഗ്യ സംഘടനയുടെ കണ്‍ട്രി ഓഫീസ് ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഖത്തറും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സഹകരണം വികസിപ്പിക്കുക, രാജ്യത്തിന്റെ ദേശീയ ആരോഗ്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പിന്തുണ നല്‍കുക, പ്രാദേശിക, ആഗോള പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുക എന്നിവയാണ് ഓഫീസ് ഉദ്ഘാടനം ലക്ഷ്യമിടുന്നത്.
ഖത്തറിലെ ലോകാരോഗ്യ സംഘടനയുടെ കണ്‍ട്രി ഓഫീസിന്റെ ഉദ്ഘാടനം ഖത്തറും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനും സഹായിക്കുമെന്ന് ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പ്രത്യാശ പ്രകടിപ്പിച്ചു.
ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് ഖത്തറിനെ സഹായിക്കുന്നതിന് കണ്‍ട്രി ഓഫീസ് തന്ത്രപരവും നയപരവും സാങ്കേതികവുമായ പിന്തുണ നല്‍കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.