സിംയ ഹംദാന്‍ ഗായക ദമ്പതികള്‍ പാടുന്ന ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ നാളെ സംഗീതാസ്വാദകരിലേക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. മാപ്പിളപ്പാട്ടിന്റെ കളിത്തോഴന്‍ എന്നറിയപ്പെടുന്ന മഹാ കവി മോയിന്‍കുട്ടി വൈദ്യര്‍ തന്റെ ഇരുപതാമത്തെ വയസ്സില്‍ രചിച്ചതെന്ന് കരുതുന്ന ആദ്യ കാല്‍പനിക ഇതിഹാസകാവ്യമായ ബദറുല്‍ മുനീര്‍ ഹുസ്‌നു ജമാല്‍ പുതുമകളോടെ പ്രശസ്ത സംഗീത സംവിധായകന്‍ മുഹ് സിന്‍ കുരിക്കള്‍ ചിട്ടപ്പെടുത്തി സിംയ ഹംദാന്‍ ഗായക ദമ്പതികള്‍ പാടുന്ന ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ നാളെ സംഗീതാസ്വാദകരിലേക്കെത്തുന്നു. എസ്സാര്‍ മീഡിയയാണ് ഈ മനോഹരമായ ഗാനം സഹൃദയലോകത്തിന് സമ്മാനിക്കുന്നത്.
മലയാളം കലര്‍ന്ന തമിഴ് , മലയാളം കലര്‍ന്ന സംസ്‌കൃതം , അറബി എന്നീ ഭാഷകളെ കോര്‍ത്തിണക്കിയാണു മഹാ കവി മോയിന്‍കുട്ടി വൈദ്യര്‍ സങ്കരയിനം മാപ്പിളപ്പാട്ടുകള്‍ക്ക് രൂപം നല്‍കിയിരുന്നത്.
അജ്മീറിലെ രാജാവായ മഹ്‌സിന്റെ മകള്‍ ഹുസ്‌നുല്‍ ജമാലും അദ്ദേഹത്തിന്റെ മന്ത്രി മസ്മീറിന്റെ പുത്രന്‍ ബദറുല്‍ മുനീറും പ്രണയം കല്‍പനാസൃഷ്ടമായ ഇതിവൃത്തമാക്കിയായിരുന്നു വൈദ്യര്‍ ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ രചിച്ചത്. പരിശുദ്ധമായ കല്പനാശക്തിയോടെയാണു കവിതയിലെ ഏറെക്കുറേ ഭാഗങ്ങളും തയ്യാറാക്കിയിരുന്നത്. നായകന്റെ പക്ഷിയിലേക്കും തിരിച്ചുമുള്ള രൂപമാറ്റവും ജിന്നിന്റെ പരസ്പരപ്രവര്‍ത്തനങ്ങളുമൊക്കെ കവിതയില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു . പരമ്പരാഗത മാപ്പിളപ്പാട്ട് ലോകത്തേക്കുള്ള ഒരു യാത്രയാകും ഈ പാട്ടെന്ന് സിംയ ഫേസ് ബുക്കില്‍ കുറിച്ചു.
പഴയ തലമുറയേയും പുതിയ തലമുറയേയും പരിഗണിച്ച് ചിട്ടപ്പെടുത്തിയ ഈ ഗാനം എല്ലാതരം ആസ്വാദകര്‍ക്കും സവിശേഷമായ അനുഭൂതി സമ്മാനിക്കുമെന്ന് ഹംദാന്‍ ഹംസ അഭിപ്രായപ്പെട്ടു.