കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി ചോക്ലേറ്റ് എഗ്ഗുകള്‍ മന്ത്രാലയം തിരിച്ചുവിളിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ കിന്‍ഡര്‍ ചോക്ലേറ്റ് ഡീലര്‍മാരായ മെര്‍ച്ച് ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയം കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി ചോക്ലേറ്റ് എഗ്ഗുകള്‍ തിരിച്ചുവിളിക്കുന്ന കാമ്പെയ്ന്‍ പ്രഖ്യാപിച്ചു.
L004L03 & L005L03 AD എന്നീ ബാച്ച് നമ്പറുകളുള്ള ബെല്‍ജിയത്തില്‍ നിര്‍മ്മിച്ച 100 ഗ്രാം ചോക്ലേറ്റ് എഗ്ഗുകളില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ മലിനീകരണത്തിന് സാധ്യതയുള്ളതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.
ഉല്‍പ്പന്നം ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്തലാക്കുന്നതിനും അത് താല്‍ക്കാലികമായി വെണ്ടര്‍ക്ക് തിരികെ നല്‍കുന്നതിനും വേണ്ടിയാണ് തിരിച്ചുവിളിക്കുന്ന കാമ്പെയ്‌നെന്ന് മന്ത്രാലയം പറഞ്ഞു, രാജ്യത്തുടനീളമുള്ള എല്ലാ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും മലിനീകരണത്തിന് സാധ്യത സംശയിക്കുന്ന എല്ലാ അളവുകളും പിന്‍വലിക്കുന്നത് തുടരുമെന്ന് ഊന്നിപ്പറഞ്ഞു.
തിരിച്ചുവിളിക്കുന്ന കാമ്പെയ്‌നിന്റെ തുടര്‍നടപടികള്‍ക്കായി ഡീലറുമായി ഏകോപിപ്പിക്കുമെന്നും ആവശ്യമായ നടപടികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.