ഖത്തറിലേക്കുള്ള സന്ദര്‍ശക പ്രവാഹം തുടരുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലേക്കുള്ള സന്ദര്‍ശക പ്രവാഹം തുടരുന്നു .കോവിഡ് ഭീഷണി നീങ്ങിയതോടെ വിസ നടപടികള്‍ ഉദാരമാക്കിയതും ലോക കപ്പ് തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതുമൊക്കെ ഖത്തറിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ് . എണ്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യമായി ഓണ്‍ അറൈവല്‍ വിസ നല്‍കുന്ന ഖത്തര്‍ ടൂറിസം വികസനത്തിന്റെ പുതിയ പരീക്ഷണങ്ങളാണ് നടത്തുന്നത്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 ഫെബ്രുവരിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ അഞ്ചിരട്ടിയോളം വര്‍ദ്ധനയുണ്ട്.
മൊത്തത്തിലുള്ള സന്ദര്‍ശകരുടെ വരവിലെ കുതിച്ചുചാട്ടം ഹോസ്പിറ്റാലിറ്റി മേഖലയിലും പ്രതിഫലിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2022 ഫെബ്രുവരിയില്‍ ആകെ സന്ദര്‍ശകരുടെ എണ്ണം 76,883 ആയിരുന്നു. ഇതില് 46,718 പേര്‍ വിമാനത്താവളം വഴിയാണ് വന്നത്. 16,745 പേര്‍ കടല്‍ വഴിയും 13,420 പേര്‍ റോഡ് മാര്‍ഗവും ഖത്തറിലെത്തി .
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മാത്രമല്ല, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരിലും വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.