നവീകരിച്ച മുന്‍തസ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: നവീകരിച്ച മുന്‍തസ പാര്‍ക്ക് ( റൗദത്ത് അല്‍ ഖൈല്‍ പാര്‍ക്ക്) മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയ് ഇന്നലെ ഉദ്ഘാടനം ചെയ്തു. 140,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പാര്‍ക്ക്, നടപ്പാതകള്‍, ജോഗിംഗ് ട്രാക്ക്, സൈക്കിള്‍ പാത, കുട്ടികളുടെ കളിസ്ഥലങ്ങള്‍, ഫിറ്റ്‌നസ്, ബാര്‍ബിക്യൂ, ഗ്രീന്‍ ഏരിയകള്‍, മരങ്ങള്‍, സന്ദര്‍ശകര്‍ക്കുള്ള മറ്റ് സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നാണ്.
ഉദ്ഘാടന ചടങ്ങില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഡെലാവെയറിലെ വില്‍മിംഗ്ടണ്‍ മേയര്‍ മൈക്ക് പര്‍സിക്കി, യുഎസ് പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍, മുനിസിപ്പാലിറ്റി, പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍), ദോഹ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. മുനിസിപ്പാലിറ്റി മന്ത്രിയും വില്‍മിംഗ്ടണ്‍ മേയറും പാര്‍ക്കില്‍ ദോഹയും വില്‍മിംഗ്ടണും തമ്മിലുള്ള സൗഹൃദത്തിന്റെ വൃക്ഷത്തൈ നട്ടു.
മുനിസിപ്പാലിറ്റികളിലുടനീളമുള്ള പബ്ലിക് പാര്‍ക്കുകളും പിക്‌നിക്കിംഗ് സ്ഥലങ്ങളും നിര്‍മ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് റൗദത്ത് അല്‍ ഖൈല്‍ പാര്‍ക്കെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മുനിസിപ്പല്‍ കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മന്‍സൂര്‍ അബ്ദുല്ല അല്‍ മഹ്‌മൂദ് പറഞ്ഞു.
പതിറ്റാണ്ടുകളായി ഖത്തറുമായി പ്രത്യേക ബന്ധമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വലിയ പ്രാധാന്യം നല്‍കുന്ന ഖത്തറിലെ ഏറ്റവും പഴയ പാര്‍ക്കുകളില്‍ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. 1,183 മീറ്റര്‍ നീളമുള്ള നടപ്പാതകള്‍, 1,119 മീറ്റര്‍ ജോഗിംഗ് റാക്ക്, 1,118 മീറ്റര്‍ നീളമുള്ള സൈക്കിള്‍ പാത, 98,000 ചതുരശ്ര മീറ്റര്‍ ഗ്രീന്‍ ഏരിയകള്‍, 1,600 മരങ്ങള്‍, 40 ബൈക്ക് റാക്കുകള്‍, ഫിറ്റ്‌നസ് ഉപകരണങ്ങളുള്ള ഫിറ്റ്‌നസ് ഏരിയകള്‍ എന്നിവ നവീകരിച്ച പാര്‍ക്കിന്റെ ഭാഗമാണ് . ഏഴ് ഫുഡ് കിയോസ്‌കുകളും എട്ട് ബാര്‍ബിക്യൂ ഏരിയകളും സന്ദര്‍ശകരുടെ സൗകര്യത്തിനായി ബെഞ്ചുകളും ടോയ്ലറ്റുകളും മറ്റ് അവശ്യ സേവനങ്ങളും പാര്‍ക്കിലുണ്ട്.
കുട്ടികളുടെ കളിസ്ഥലങ്ങള്‍ പ്രായ വിഭാഗങ്ങള്‍ അനുസരിച്ച് തിരിച്ചിരിക്കുന്നു – 2 മുതല്‍ 5 വയസ്സ് വരെയും 6 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ക്കായി ഒരു പ്രത്യേക കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.
ദോഹയിലെ ഏറ്റവും പഴക്കം ചെന്ന പാര്‍ക്കുകളിലൊന്നാണ് മുന്‍തസ പാര്‍ക്ക് (റൗദത്ത് അല്‍ ഖൈല്‍ പാര്‍ക്ക് )
ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റി മുനിസിപ്പാലിറ്റിയുടെയും അശ്ഗലിന്റെയും സഹകരണത്തോടെയാണ് റൗദത്ത് അല്‍ ഖൈല്‍ പാര്‍ക്ക് നവീകരിച്ചത്.