കെ-റെയില്‍ കേരളത്തിന് വേണ്ട, കള്‍ച്ചറല്‍ ഫോറം
അമാനുല്ല വടക്കാങ്ങര
ദോഹ. കേരളത്തെ നെടുകെ പിളര്‍ന്ന് സമ്പത്തും പ്രകൃതിയും വലിയ തോതില്‍ കൊള്ളയടിച്ച് സാമ്പത്തിക ശക്തികള്‍ക്ക് വേണ്ടി നടപ്പിലാക്കാന്‍ പോകുന്ന കെ-റെയില്‍ കേരളത്തിന് വേണ്ടെന്ന് കള്‍ച്ചറല്‍ ഫോറം പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
പെരുപ്പിച്ച കണക്കുകളുമായാണ് കെ-റെയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ പറയുന്ന ലാഭക്കണക്കില്‍ എഴുപത്തൊമ്പതിനായിരം പേര്‍ ദിവസവും കയറിയിറങ്ങുമെന്നാണ് പറയുന്നത്, പത്ത് രൂപ മിനിമം ടിക്കറ്റുള്ള നിലവിലെ റെയില്‍വേ സംവിധാനം പോലും അറുപത്തയ്യായിരത്തില്‍ താഴെ മാത്രമേ ആളുകള്‍ ഉപയോഗിക്കുന്നുള്ളൂ എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ഈ കണക്കുകളെന്ന് മുഖ്യപ്രഭാഷണം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം ഗണേഷ് വടേരി ചോദിച്ചു.
നിലവിലെ റെയില്‍ പാതയുടെ സമീപത്തായുള്ള സര്‍വ്വേ പൂര്‍ത്തിയാക്കിയും സ്ഥലം ഏറ്റെടുക്കല്‍ നടത്തിയും മാത്രമേ പദ്ധതിക്കാവശ്യമായ മറ്റിടങ്ങളില്‍ സര്‍വ്വേ നടത്താന്‍ സംസ്ഥാന ഗവണ്മെന്റിന് അനുവാദമുള്ളൂ എന്നിരിക്കെ അലൈന്മെന്റിന് പോലും അനുമതി ലഭിക്കാത്ത സാദ്ധ്യതാ പഠനത്തിനു മാത്രം കേന്ദ്രാനുമതിയുള്ള ഒരു പദ്ധതിക്കാണ് കുറ്റിയിടലും അതിര് നിശ്ചയിക്കലും നടത്തി ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.
ആയിരം കോടിക്ക് മുകളിലുള്ള പദ്ധതി ആയതിനാല്‍ കേന്ദ്ര കാബിനറ്റ് കമ്മറ്റിയാണ് അനുമതി നില്‍കേണ്ടത്. എന്നാലവരുടെ മുന്നിലേക്ക് ഇതു വരെ ഇതെത്തിയിട്ടില്ലെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എത്ര കോടിയുടെ പദ്ധതിയാണെന്നതിലും അവ്യക്തത തുടരുന്നു. സാധ്യതാ പഠനത്തിലും മുഖ്യ മന്ത്രി പറഞ്ഞ കണക്കിലും പൊരുത്തക്കേടുകള്‍ ഏറെയാണ്. ലൈഫ് പദ്ധതിക്ക് 1000 കോടി യു.എ.ഇ യില്‍ നിന്ന് സ്വീകരിച്ചതിന്റെ നിയമപ്രതിസന്ധിയില്‍ നിന്ന് ഇതു വരെ കരകയറാനാകാത്ത കേരളം ഈ പദ്ധതിക്ക് മുപ്പത്തി ഏഴായിരം കോടി എങ്ങനെയാണ് ജപ്പാനില്‍ നിന്ന് കടമെടുക്കുക. വലിയ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ വ്യക്തമായ ഡി.പി.ആര്‍ വേണ്ടതുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ വലിയ മുന്‍ പരിചയമില്ലാത്തൊരു കമ്പനി തയ്യാറാക്കിയ തട്ടിക്കൂട്ട് രേഖയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും ഗണേഷ് വടേരി പറഞ്ഞു.
ഇത് ഇരകളെ മാത്രം ബാധിക്കുന്നപ്രശ്‌നമല്ല, കേരലത്തിലെ സാമുഹിക, പാരിസ്ഥിതിതിക അവസ്ഥയെ അട്ടിമറിക്കും. കെ-റെയില്‍ എതിര്‍ക്കപ്പെടുക തന്നെ വേണം. ജനവിരുദ്ധ പദ്ധതികള്‍ സാധാരണക്കാരനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അതേ നയമാണ് ഇപ്പോള്‍ കേരള സര്‍ക്കാരും പിന്തുടരുന്നത്. കെ-ഫോണ്‍, കെ.എ.എസ്, കെ-ബാങ്ക് തുടങ്ങിയവ പോലെ വ്യാപക അഴിമതിക്ക് കളമൊരുങ്ങുന്ന ഒരു പദ്ധതി കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിലിനെ എതിര്‍ക്കുന്നവരെ വികസന വിരോധികളാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. ഉന്നയിക്കപ്പെട്ട ആരോപണങ്ങളും ആശങ്കകളും ദുരീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ദേശീയ പാതാ വികസനം കേരളത്തില്‍ നടപ്പിലാക്കിയത് വെല്‍ഫെയര്‍ പാര്‍ട്ടി അന്ന് ഉന്നയിച്ച നഷ്ടപരിഹാരം, പുനരധിവാസം, പാതയുടെ വീതി, ബി.ഒ.ടി തുടങ്ങിയ നാല് ആവശ്യങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ്. ഇതിനു വേണ്ടിയാണ് അന്ന് ജനകീയ സമരം നയിച്ചത്. പാവപ്പെട്ട ജനങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ച് കൊണ്ടാണ് അദാനിക്ക് വേണ്ടി ഗെയില്‍ പദ്ധതി നടപ്പിലാക്കിയത്. അത് കിട്ടാതായാല്‍ ജനങ്ങള്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെട്ടത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. കള്‍ച്ചറല്‍ ഫോറം കറന്റ് അഫയേസ് വിങ്ങ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ ടി മുബാറക് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍, കറന്റ് അഫൈറസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹ്‌സിന്‍ സ്വാഗതവും ഫായിസ് അബ്ദുള്ള നന്ദിയും പറഞ്ഞു.