സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവം ഖത്തര്‍ ശക്തമായി അപലപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: സ്വീഡനില്‍ മാല്‍മോ നഗരത്തില്‍ ഒരു കൂട്ടം വലതുപക്ഷ തീവ്രവാദികള്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവം ഖത്തര്‍ ശക്തമായി അപലപിച്ചു. സാമൂഹ്യ സൗഹാര്‍ദ്ധവും മാനവ ഐക്യവും തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രബുദ്ധ ലോകം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് ഖത്തര്‍ അഭിപ്രായപ്പെട്ടു.
ഹീനമായ ഈ പ്രവര്‍ത്തി സംഘര്‍ഷമുണ്ടാക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണെന്നും ലോകത്തുള്ള രണ്ട് ബില്യണ്‍ മുസ്ലിംകളെ പ്രകോപിപ്പിക്കാനും അവരുടെ മതവികാരങ്ങള്‍ വൃണപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാന്നെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ കുറ്റപ്പെടുത്തി
മതം, ജാതി, വിശ്വാസം എന്നിവയുടെ പേരിലുള്ള എല്ലാ തരം വിദ്വേഷ പ്രവര്‍ത്തനങ്ങളും ഖത്തര്‍ നിരസിക്കുന്നതായും ലോകത്ത് മുസ്ലിംകള്‍ക്ക് നേരെ ഉന്നത തലങ്ങളില്‍ നിന്ന് വരെ ആസൂത്രിതമായ അക്രമമാണ് നടക്കുന്നതെന്നും ഖത്തര്‍ പറഞ്ഞു.
സമാധാനവും മതസൗഹാര്‍ദ്ദവും നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തര്‍ പിന്തുണ അറിയിച്ചു.
തീവ്ര വലതുപക്ഷ, കുടിയേറ്റ-വിരുദ്ധ ഹാര്‍ഡ് ലൈന്‍ പാര്‍ട്ടിയുടെ നേതാവായ റസ്മുസ് പലുടന്‍ ഖുര്‍ആന്‍ കോപ്പികള്‍ കത്തിച്ചതിനെത്തുടര്‍ന്നു സ്വീഡനിലെ പല നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു.
വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസം നീണ്ടുനിന്ന കലാപത്തില്‍ 16 പോലീസ് ഉദോഗസ്ഥന്മാര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ പ്രവര്‍ത്തി ഇനിയും ആവര്‍ത്തിക്കുമെന്ന റസ്മുസ് പലുടന്റെ വാക്കുകള്‍ സാംസ്‌കാരിക ലോകത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് .