രാജ്യത്തെ മുഴുവന്‍ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളും ഉടന്‍ പുനരാരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്തെ മുഴുവന്‍ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളും ഉടന്‍ പുനരാരംഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രി ഗാനം ബിന്‍ ഷഹീന്‍ ബിന്‍ ഗാനം അല്‍ ഗാനം പറഞ്ഞു.
കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ക്രമാനുഗതമായി ഉയര്‍ത്തുന്നതിനുള്ള ഖത്തറിന്റെ പദ്ധതിക്ക് അനുസൃതമായി, 61 കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് പുനരാരംഭിക്കുന്നതായി 2021 നവംബര്‍ 1-ന് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
കൊവിഡ്-19 പ്രതിസന്ധിക്ക് ശേഷം രാജ്യം ഏര്‍പ്പെടുത്തിയ മുന്‍കരുതലുകളും പ്രതിരോധ നടപടികളും ലഘൂകരിച്ച് വിശുദ്ധ ഖുര്‍ആന്‍ അധ്യാപന കേന്ദ്രങ്ങള്‍ക്ക് എങ്ങനെ പ്രവര്‍ത്തനം പുനരാരംഭിക്കാനാകും എന്നതിനെക്കുറിച്ച് സജീവമായി ആലോചിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും പുരുഷന്മാരോടും സ്ത്രീകളോടും യുവാക്കളോടും പെണ്‍കുട്ടികളോടും കൊച്ചുകുട്ടികളോടും രാജ്യത്തെ പള്ളികളിലും ഖുര്‍ആനിക് കേന്ദ്രങ്ങളിലും മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, ഇസ്ലാം വെബ്, മറ്റു പ്ലാറ്റ്ഫോമുകള്‍ തുടങ്ങിവയിലൂടെ മന്ത്രാലയം നല്‍കുന്ന ഖുര്‍ആന്‍ പഠന പരിപാടികള്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.