അംബേദ്കറൈറ്റ് മൂല്യങ്ങളിലൂടെ ഇന്ത്യയെ വീണ്ടെടുക്കണമെന്ന് കള്‍ച്ചറല്‍ ഫോറം ടേബിള്‍ ടോക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ : മൂല്യപരമായ വലിയ പ്രതിസന്ധികളെ രാജ്യം അഭിമുഖീകരിക്കുമ്പോള്‍ അംബേദ്കറൈറ്റ് ആശയങ്ങളിലൂടെ ഇന്ത്യയെ വീണ്ടെടുക്കാനുള്ള ശ്രമമാണുണ്ടാകേണ്ടതെന്ന് കള്‍ച്ചറല്‍ ഫോറം ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
‘വംശീയതയല്ല, വൈവിധ്യമാണ് ഇന്ത്യ- നമുക്ക് അംബേദ്ക്കറെ വായിക്കാം’ എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം ഹാളിലാണ് പരിപാടി നടന്നത്.
അംബേദ്കര്‍ ചിന്തകളെ ഹിംസയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ തന്നെ ഫാഷിസത്തിനെതിരായ പോരട്ടത്തിന്റെ ദാര്‍ശനിക പ്രതലമായി അംബേദ്കര്‍ മാറുന്നുവെന്നത് സന്തോഷകരമായ പുതിയ കാഴ്ചയാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ പ്രദോഷ് കുമാര്‍ അഭിപ്രായപ്പെട്ടു. -അംബേദ്കറൈറ്റ് ചിന്താ പ്രയോഗങ്ങളെ സ്വത്വ രാഷ്ട്രീയമായി ന്യൂനീകരിക്കാനുള്ള ശ്രമങ്ങളെയും
അംബേദ്കറൈറ്റ് ആക്ടിവിസം നേരിടുന്ന സ്വത്വ പ്രതിസന്ധികളെയും കണ്ട് കൊണ്ട് തന്നെ അംബേദ്കറൈറ്റ് സമീപന രീതി വികസിപ്പിച്ചു കൊണ്ടേ പുതിയ പ്രതിസന്ധികള മറികടക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യം എന്ന ആശയത്തെ ഇത്രമേല്‍ ഉള്‍കൊണ്ട അപൂര്‍വ വ്യക്തിത്വമായിരുന്നു അംബേദ്കര്‍ എന്ന്
വണ്‍ ഇന്ത്യ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ അബ്ദുല്‍ സലാം പറഞ്ഞു.
ജാതിയെ തകര്‍ത്തു കൊണ്ടേ ഇന്ത്യ സാധ്യമാവൂവെന്ന അബേദ്കറൈറ്റ് മൂല്യം വളരെ പ്രസക്തമാണന്നും
പുറം തള്ളലിന്റെ വിവിധ പ്രയാഗങ്ങള്‍ സംഭവിക്കുന്ന കാലത്ത് അംബേദ്കര്‍ മുന്നോട്ട് വച്ച ഉള്‍ക്കൊള്ളല്‍ ജനാധിപത്യത്തെ സ്വാംശീകരിക്കുകയാണ് വേണ്ടതെന്നും കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ തന്‍സീം കുറ്റ്യാടി അഭിപ്രായപ്പെട്ടു.
കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ് മോഡറേറ്റര്‍ ആയിരുന്നു.
പാലക്കാട് ജില്ല പ്രസിഡണ്ട് റാഫിദ് ആലത്തൂര്‍ വിഷയമവതരിപ്പിച്ചു. ചന്ദ്ര മോഹന്‍ , ഫായിസ് കണ്ണൂര്‍, ഫൈസല്‍ എടവനക്കാട്, മുബീന്‍ തിരുവനന്തപുരം, റഷീദ് കൊല്ലം , സജീര്‍ കൊല്ലം, ആരിഫ് വടകര എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി കെ.ടി. മുബാറക് സ്വാഗതം പറഞ്ഞു.