ദുര്‍ഗ ദാസിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം
അമാനുല്ല വടക്കാങ്ങര
ദോഹ. മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സ്നേഹ സൗഹാര്‍ദ്ദങ്ങളോടെ കഴിയുന്ന പ്രവാസി സമൂഹത്തെ പൊതുവിലും സേവനമത്തിന്റെ മാലാഖമാരായി പേരെടുത്ത നഴ്സിംഗ് പ്രൊഫഷണലുകളെ വിശേഷിച്ചും അപമാനിക്കുന്ന തരത്തില്‍ ഖത്തര്‍ പ്രവാസിയും മലയാളം മിഷന്‍ഖത്തര്‍ കോര്‍ഡിനേറ്ററുമായ ദുര്‍ഗ ദാസിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രവാസ ലോകത്ത് പ്രതിഷേധമിരമ്പുന്നു. ചെറുതും വലുതുമായ നിരവധി സംഘടനകളാണ് ദുര്‍ഗ ദാസിന്റെ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധമറിയിച്ചത്.
തിരവനന്തപുരത്ത് നടന്ന ഒരു സമ്മേളനത്തില്‍ നേഴ്സ് റിക്രൂട്ട്മെന്റ് എന്ന പേരില്‍ തീവ്രവാദികള്‍ക്ക് ലൈംഗിക സേവ ചെയ്യാന്‍ കൊണ്ട് പോകുന്നു എന്നറിഞ്ഞു എന്നും അതു തടയാന്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നും ഖത്തറിലെ ഇന്ത്യന്‍ പ്രവാസിയും, മലയാളം മിഷന് കോര്‍ഡിനേറ്ററുമായ ദുര്‍ഗദാസ് ഉന്നയിച്ച ചോദ്യം ഖത്തറിലെ ആതുര സേവന രംഗത്ത് സേവനമനുഷ്ടിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്സുമാരെയാണ് വേദനിപ്പിച്ചിരിക്കുന്നത്.അത്തരം വാസ്തവ വിരുദ്ധവും, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതുമായ പരാമര്‍ശങ്ങളിലൂടെ അപമാനിച്ചിരിക്കുന്നത് മുഴുവന്‍ ഇന്ത്യന്‍ നഴ്സുമാരെയാണ്. നഴ്സുമാരുടെ പ്രമുഖ സംഘടനയായ യൂണിക്, ഇക്കാര്യം കേരള മുഖ്യമന്ത്രിയുടെയശ്രദ്ധയില്‍ പെടുത്തിയിതയായി പ്രസ്താവനയില്‍ പറഞ്ഞു.
മതവും, രാഷ്ട്രീയവും പറഞ്ഞു ഇന്ത്യന്‍ നഴ്സുമാര്ക്കിടയില് പോലും ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകള്‍ ആരില്‍ നിന്നുണ്ടായാലും നഴ്സിംഗ് സമൂഹം ഒറ്റക്കെട്ടായി നേരിടും . ഞങ്ങളുടെ വിശ്വാസവും , രാഷ്ട്രീയവും, നിലപാടുകളും മുറുകെ പിടിച്ചു കൊണ്ട് തന്നെ ഒറ്റ മനസ്സോടെ, ഒരേ ലക്ഷ്യത്തോടെ ഖത്തറിലെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ സേവന സന്നദ്ധരായി നഴ്സുമാര്‍ ഉണ്ടാകും .കോവിഡ് കാലത്ത് മാലാഖമാരെന്നും, ദൈവ തുല്യരെന്നുമൊക്കെ പാടിപുകഴ്ത്തിയ അതെ ആര്‍ജവവും, ആത്മാര്‍ത്ഥതയും ഈ വിഷയത്തിലും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളില്‍ നിന്നും, സംഘടനകളില്‍ നിന്നും ഉണ്ടാകണമെന്ന് യുണീഖ് ഓര്‍മിപ്പിച്ചു.
നിരുത്തരവാദ പരമായി ഇത്തരം തരം താഴ്ന്ന പ്രസ്താവനകള്‍ നടത്തുന്നവരെ സമൂഹം തികഞ്ഞ അവജ്ഞയോടെ തള്ളുകയും സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും ചെയ്യുണമെന്ന് യുണീഖ് പ്രസ്താവന കൂട്ടിച്ചേര്‍ത്തു
മാന്യമായ രീതിയില്‍ ജോലി ചെയ്യുന്ന നഴ്സിംഗ് പ്രൊഫഷണലുകളേയും ഇന്ത്യയന്‍ നഴ്സുമാരെ ഏറെ പരിഗണിക്കുന്ന രാജ്യത്തേയും ഒരു പോലെ അപമാനിക്കുന്ന പ്രസ്താവനയാണ് ദുര്‍ഗ ദാസിന്റേതായി പുറത്തുവന്നിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവും അമര്ഷവുമറിയിക്കുന്നുവെന്നും നഴ്സിംഗ് സംഘടനയായ ഫിന്‍ഖ് ഭാരവാഹികള്‍ പ്രതികരിച്ചു.
ദുര്‍ഗ്ഗാദാസ് ശിശുപാലന് നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ലോക തൊഴില്‍ വിപണിയില്‍ തന്നെ ആതുരസേവനരംഗത്ത് ഇന്ത്യന്‍ സാന്നിധ്യം ശ്രദ്ധേയവും മാതൃകയുമാണ്.. ഈ മേഖലയില്‍ പണിയെടുക്കുന്നവരെ അവഹേളിക്കുന്നതാണ് ദുര്‍ഗ്ഗാദാസിന്റെ പ്രസ്താവന.
ഗള്‍ഫ് മേഖലയിലെ സംവിധാനങ്ങളെയും സാംസ്കാരത്തേയും അപമാനിക്കുകയും നാട്ടില്‍ നിന്ന് ജോലിക്കായി എത്തുന്ന ഉദ്യോഗാര്‍ത്ഥികളെയും സംരഭകരേയും ദോഷകരമായി ബാധിക്കുകയും വര്‍ഷങ്ങളായി ഗള്‍ഫ് മേഖലയും ഇന്ത്യയും കാത്തുസൂക്ഷിക്കുന്ന സൗഹൃദ ബന്ധങ്ങള്‍ക്ക് തുരങ്കം വെക്കുന്നതാനെന്നും കള്‍ച്ചറല്‍ ഫോറം സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഇത്തരം പ്രസ്താവനകള്‍ ഗള്‍ഫ് മേഖലയിലെ തൊഴില്‍ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
മലയാളം മിഷന് കോര്‍ഡിനേറ്റര്‍ പോലുള്ള ഉന്നതമായ പദവിയില്‍ ഇത്തരം വര്‍ഗീയ ചിന്തകള്‍ വച്ചു പുലര്‍ത്തുന്ന ആളുകള്‍ എങ്ങനെ എത്തി എന്നത് ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തെ അത്ഭുതപ്പെടുത്തുന്നു. ഇന്ത്യന്‍ എംബസിയുടെ സാംസ്കാരിക വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുടെ ഔദ്യോഗിക പദവികളും ഇദ്ദേഹം വഹിക്കുന്നു എന്നത് ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനു നാണക്കേടാണ്. മലയാളം മിഷന് ഖത്തര്‍ കോഡിനേറ്റര്‍ സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് പുറത്താക്കാന്‍ കേരള ഗവണ്മെന്റ് സന്നദ്ധമാകണം. പ്രവാസി സമൂഹത്തില്‍ വിഭാഗീയതയുടെയും വര്‍ഗീയതയുടെയും വിത്ത് വിതച്ച് ഫലം കൊയ്യാന്‍ ശ്രമിക്കുന്ന ഇത്തരം വ്യക്തികളെയും സംഘടനകളെയും കുറിച്ച് ജാഗ്രത കൈക്കൊള്ളണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു
സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നവരെ തുറുങ്കിലടക്കണമെന്ന് ജിസിസി ഐഎംസിസി കമ്മറ്റി ആവശ്യപ്പെട്ടു. സമുദായങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധ പരത്തി ഗള്‍ഫ് രാജ്യങ്ങളെ സമൂഹ മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തലാണ് ഇത്തരം സംഘ്പരിവാര്‍ പ്രസ്താവനകളുടെ ലക്ഷ്യം. ഗള്‍ഫ് രാജ്യങ്ങളില്‍ ആളുകളെ നിര്‍ബന്ധപൂര്‍വ്വം മത പരിവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്നുവെന്നും തീവ്ര വാദികളുടെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഗള്‍ഫ് നാടുകള്‍ കേന്ദ്രീകരിച്ച് കൊണ്ട് മുസ്ലിം സംഘടനകള്‍ നഴ്സിംഗ് മേഖലയിലേക്ക് റിക്രൂട്ട്മെന്റുകള്‍ നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു എന്നുമുള്ള അപകടപരമായ പ്രസ്താവന സര്‍ക്കാര്‍ ഗൗരവത്തില്‍ കാണണം. ഇത്തരം വര്‍ഗീയത പ്രചരിപ്പിക്കുന്ന ദുര്‍ഗാദാസിനെ മലയാളം മിഷന് കോര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്നും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ നല്‍കണമെന്നും ജിസിസി ഐഎംസിസി കമ്മറ്റി ആവശ്യപ്പെട്ടു.
സമുദായിക സ്പര്‍ദ്ധ ഉണ്ടാക്കും വിധം വര്‍ഗീയ പരാമര്‍ശം നടത്തി ഗള്‍ഫ് നാടുകളെയും പ്രവാസി സമൂഹത്തെയും കുറിച്ച് വ്യാജ ആരോപണം ഉന്നയിച്ച കേരള സര്‍ക്കാരിന് കീഴിലുള്ള മലയാളം മിഷന് ഖത്തര്‍ കോര്‍ഡിനേറ്റര്‍ ദുര്‍ഗ്ഗാദാസ് ശിശുപാലനെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ സമൂഹത്തില്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും ഇത്തരക്കാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സാധിക്കാതെ വന്നാല്‍ ഇതിന്റെ മറപറ്റി ഇനിയും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായേക്കും. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സോഷ്യല്‍ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.