
കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം: യൂത്ത് ഫോറം
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ത്യന്‍ പ്രവാസി സമൂഹത്തിനിടയില്‍ വംശീയ കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് യൂത്ത് ഫോറം ഖത്തര്‍ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
മലയാളം മിഷന്‍ ഖത്തര്‍ കോര്‍ഡിനേറ്റര്‍ ദുര്‍ഗ്ഗദാസ് തന്റെ വംശീയ പ്രസ്താവാനയിലൂടെ പ്രവാസ ലോകത്ത് കേരളത്തിന്റെ അഭിമാനമായ നഴ്സുമാരെ കൂടിയാണ് അപമാനിച്ചിരിക്കുന്നത്. പരസ്പര വിശ്വാസവും സഹവര്‍ത്തിത്വവുമാണ് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കരുത്ത്. ഖത്തറിലെ ഇന്ത്യന്‍ സമൂഹം വിശിഷ്യ മലയാളികള്‍ കാത്ത് സൂക്ഷിച്ചു വരുന്ന സൗഹൃദവും സഹവര്‍ത്തിത്വവും മാതൃകാപരമാണ്. നമ്മുടെ നാടിന്റെ സാമൂഹികമായ പുരോഗതിയുടെ അടിത്തറ തന്നെ ഇത്തരം സഹകരണങ്ങളാണ്. ഈ ഒരുമയെ ഒറ്റുകൊടുക്കുന്ന വംശീയവാദികളുടെ നിശബ്ദ സാന്നിധ്യങ്ങള്‍ നമുക്കിടയിലുണ്ടെന്നത് ഞെട്ടലുളവാക്കുന്നതാണ്. അത്തരക്കാര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വേദികളില്‍ ഔദ്യോഗിക പദവികള്‍ ലഭിച്ചിക്കുന്നുവെന്നത് ഗൗരവത്തോടെ തന്നെ കാണണം.
അടുത്തിടെ കേരളത്തില്‍ വ്യാപകമാകുന്ന മുസ്ലിം വിരുദ്ധ വംശവെറി പ്രവാസലോകത്തേക്കും പടര്‍ന്നു പിടിക്കുന്നതിന്റെ ലക്ഷണമാണിത്. പ്രവാസി സമൂഹത്തിനിടയില്‍ ഇത്തരം വംശീയ അജണ്ടകള്‍ ഒളിച്ചു കടത്തുന്ന സമീപനം മൊത്തം ഇന്ത്യന്‍ സമൂഹത്തിനാണ് നഷ്ടം വരുത്തി വെക്കുക. പരസ്പര വിശ്വാസം വീണ്ടെടക്കാനും വിദ്വേഷ പ്രചാരകരെ ഒറ്റപ്പെടുത്താനും ഖത്തര്‍ മലയാളി സമൂഹം മുന്നോട്ട് വരണമെന്നും യൂത്ത് ഫോറം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രസിഡന്റ് എസ്. എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു.