യാത്രക്കാര്‍ക്ക് 23 തരം വാക്‌സിനുകളുമായി ട്രാവല്‍ ക്‌ളിനിക്
അമാനുല്ല വടക്കാങ്ങര
ദോഹ. യാത്രക്കാര്‍ക്ക് 23 തരം വാക്‌സിനുകളുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററിന്റെ ഭാഗമായ ട്രാവല്‍ ക്‌ളിനിക് . യാത്ര പോകുന്നവരുടെ ആരോഗ്യ സംരക്ഷണവും പ്രതിരോധവും ഉറപ്പുവരുത്തുന്നതിന് സഹായകമായ 23 തരം വാക്‌സിനുകളാണ് ട്രാവല്‍ ക്‌ളിനിക് നല്‍കുന്നതെന്ന് കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ് ല മാനി അറിയിച്ചു.
യാത്ര പോകുന്ന സ്ഥലം, യാത്രാ കാലയളവ്, യാത്രയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് ട്രാവല്‍ ക്‌ളിനിക് വാക്‌സിനുകള്‍ നിര്‍ദേശിക്കുന്നത്. അതിനാല്‍ യാത്രക്കൊരുങ്ങുന്നവര്‍ നേരത്തെ തന്നെ ട്രാവല്‍ ക്‌ളിനികുമായി ബന്ധപ്പെടുന്നത് നന്നാകുമെന്ന് അവര്‍ നിര്‍ദേശിച്ചു.
യാത്രയുമായി ബന്ധപ്പെട്ട വിവിധ തരം വാക്‌സിനുകളും മുതിര്‍ന്നവര്‍ക്കുള്ള പ്രതിരോധ വാക്‌സിനുകളും കേന്ദ്രം നല്‍കുന്നുണ്ട്. നേരത്തെ 13 തരം വാക്‌സിനുകളാണ് ട്രാവല്‍ ക്‌ളിനിക് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ ലോക ക്രമത്തിലെ ഡിമാന്റ് പരിഗണിച്ചാണ് 23 തരം വാക്‌സിനുകള്‍ നല്‍കുന്നതെന്ന് അവര്‍ വിശദീകരിച്ചു.