ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ ഓട്ടോഗ്രാഫ് , അസുലഭ ഭാഗ്യം നേടി ഖത്തര്‍ മല്ലു വളണ്ടിയര്‍ മുഹമ്മദ് റാഷിദ്
റഷാദ് മുബാറക്
ദോഹ . കാല്‍പന്തുകളിയാരാധകരെ ആവേശത്തിലാക്കി പി.എസ്.ജി ടീമിന്റെ രണ്ടു ദിവസത്തെ ഖത്തര്‍ പര്യടനം .പത്താം തവണയും ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗ് കിരീടം ചൂടിയ പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടീം ഖത്തറിലെ പ്രമോഷണല്‍ ടൂര്‍ വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ അവിസ്മരണീയമാക്കിയപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളെ നേരില്‍ കാണാനും ഓട്ടോഗ്രാഫ് നേടാനും ഭാഗ്യം ലഭിച്ചവരില്‍ മലയാളികളും .
പി.എസ്.ജിയിലെ 5 കളിക്കാരുടെ ഓട്ടോഗ്രാഫ് ലഭിച്ചതിന്റെ ആവേശത്തിലാണ് ഖത്തര്‍ മല്ലു വളണ്ടിയര്‍ ഗ്രൂപ്പിലെ സജീവ സാന്നിധ്യമായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് റാഷിദ്. മെട്രോളക്‌സ് ട്രേഡിംഗ് കമ്പനി ഉടമസ്ഥനായ റാഷിദിന് ഈ അസുലഭ ഭാഗ്യം ലഭിച്ചത് ഇന്‍സ്റ്റഗ്രാമില്‍ ഉരീദു നടത്തിയ ഒരു മല്‍സരത്തില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് . മല്‍സരത്തില്‍ വിജയിക്കുന്ന പത്ത് പേര്‍ക്കാണ് പി.എസ്.ജി. കളിക്കാരെ നേരില്‍ കാണാനും ഓട്ടോഗ്രാഫ് നേടാനും അവസരമുണ്ടായിരുന്നത്. ആ പത്തിലെ മലയാളി സാന്നിധ്യം സുഖ് വാഖിഫില്‍ ജ്വല്ലറി നടത്തുന്ന മണിയും റാഷിദുമായിരുന്നു.
ഡി മറിയ , മെസ്സി , നെയ്മര്‍, ഹരേറ, വെരാട്ടി എന്നിവരുടെ ഫോട്ടോ ശരിയായ ക്രമത്തില്‍ തിരിച്ചറിയുകയെന്നതായിരുന്നു മല്‍സരം. ഫോട്ടോ തിരിച്ചറിഞ്ഞ ശേഷം കുറച്ച് പേരെ ടാഗ് ചെയ്യണമായിരുന്നു. ഫോട്ടോകള്‍ തിരിച്ചറിയുകയും ടാഗ് ചെയ്യുകയും ചെയ്തപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ താരങ്ങളെ നേരില്‍ കാണാനോ ആശയവിനിമയം നടത്താനോ സാധിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല, ഫുട്‌ബോള്‍ കളിയാരാധകനും ഖത്തറില്‍ നടക്കുന്ന മിക്ക ടൂര്‍ണമെന്റുകളിലേയും വളണ്ടിയര്‍ സാന്നിധ്യവുമായ റാഷിദ് പറഞ്ഞു.
മല്‍സരത്തില്‍ വിജയിച്ച വിവരം ലഭിച്ചതുമുതല്‍ തന്നെ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നതിനാല്‍ 3-2-1 സ്റ്റേഡയത്തില്‍ എത്താന്‍ പറഞ്ഞതിലും അരമണിക്കൂര്‍ മുന്നേ എത്തിയാണ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തം സാക്ഷാല്‍ക്കരിച്ചത്.
മുമ്പ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്‌പോണ്‍സര്‍ ചെയ്ത ബയോണ്‍ മ്യൂണിക് ടീമുമായി ബന്ധപ്പെട്ട മല്‍സരത്തിലും റാഷിദ് വിജയിച്ചിരുന്നു.