ഭ്രാന്തന്‍ സെല്ലുകളുടെ കണക്കുപസ്തകത്തിന്റെ ഖത്തറിലെ പ്രകാശനവും ചര്‍ച്ചയും ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും സംസ്‌കൃതി ജോയന്റ് സെക്രട്ടറിയുമായ സുഹാസ് പാറക്കണ്ടിയുടെ കാന്‍സര്‍ അതിജീവനത്തിന്റെ കഥ പറയുന്ന ഭ്രാന്തന്‍ സെല്ലുകളുടെ കണക്കുപസ്തകത്തിന്റെ ഖത്തറിലെ പ്രകാശനവും ചര്‍ച്ചയും സംഘാടക മികവിലും ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്താലും ശ്രദ്ധേയമായി . സുഹാസ് തന്റെ ഹൃദയ രക്തം കൊണ്ടെഴുതിയ പുസ്‌കത്തിലെ പല വരികളും പ്രയോഗങ്ങളും ചടങ്ങിലെ വിശിഷ്ട അതിഥികളെയടക്കം പലരേയും കണ്ണുനനയിക്കുകയും ഖണ്ഠമിടറിക്കുകയും ചെയ്തു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ സംസ്‌കൃതി സംഘടിപ്പിച്ച നിറഞ്ഞ സദസ്സില്‍ നോര്‍ക്ക റൂട്‌സ് ഡയറക്ടറും ഖത്തറിലെ വ്യവസായ പ്രമുഖനുമായ സി.വി. റപ്പായിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
സംസ്‌കൃതി പ്രസിഡണ്ട് അഹ് മദ് കുട്ടി അറളയില്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി . ഇന്ത്യന്‍ കള്‍ചറല്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, മുന്‍ പ്രസിഡണ്ട് എ.പി. മണികണ്ഠന്‍, നാഷണല്‍ കാന്‍സര്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. സാജു ദിവാകര്‍, ഐ.സി.ബി.എഫ്. ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍, കെ.എം.സി.സി. പ്രസിഡണ്ട് എസ്. എ. എം. ബഷീര്‍, യുണീഖ് പ്രസിഡണ്ട് മിനി സിബി, കെ.ബി.എഫ്. പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ, ഡോം ഖത്തര്‍ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട്, ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ, സുനീതി സുനില്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സ്‌പെഷ്യലിസ്റ്റ് കെയര്‍ നഴ്‌സ് ബ്‌ളസ്സി തുടങ്ങിയവര്‍ സംസാരിച്ചു.
സുഹാസിന്റെ ചികില്‍സയില്‍ ഏറെ സഹായിച്ച റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. സാജു ദിവാകറിനേയും സുനീതി സുനിലിനേയും എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.
സംസ്‌കൃതി പ്രസിഡണ്ട് അഹ് മദ് കുട്ടി അറളയില്‍ അധ്യക്ഷത വഹിച്ചു. ബിജു പി മംഗളം പുസ്തകം പരിചയപ്പെടുത്തി. ആശംസകള്‍ക്കും സ്‌നേഹസൗഹൃദത്തിനും സുഹാസ് മറുമൊഴിയില്‍ നന്ദി പറഞ്ഞു.
ജനറല്‍ സെക്രട്ടറി എ.കെ.ജലീല്‍ സ്വാഗതവും സെക്രട്ടറി സാള്‍ട്ടസ് സാമുവല്‍ നന്ദിയും പറഞ്ഞു.