മാനസികാരോഗ്യത്തിന് കൃത്യമായ ഉറക്കവും വ്യായാമവും പ്രാധാനം
അമാനുല്ല വടക്കാങ്ങര
ദോഹ. മാനസികാരോഗ്യത്തിന് കൃത്യമായ ഉറക്കവും വ്യായാമവും പ്രാധാനമാണെന്നും നസീം മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ വെബിനാറില്‍ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സെമീന്‍ സമീദ് അഭിപ്രായപ്പെട്ടു.
പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക പ്രശ്നങ്ങളും ആത്മഹത്യാ പ്രവണതയും കണക്കിലെടുത്ത് ബോധവത്ക്കരണത്തിന്റെ ഭാഗമായി ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല സൗഹൃദങ്ങള്‍ സ്ഥാപിക്കുകയും നമ്മുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുന്നതിലൂടെ കുറേയേറെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ മാനസിക ബുദ്ധിമുട്ടുകള്‍ നമ്മളുമായി പങ്കുവെക്കുമ്പോള്‍ അതിനെ കേള്‍ക്കുകയും സാധ്യമാകുന്ന തരത്തില്‍ അത്തരക്കാര്‍ക്ക് മാനസികധൈര്യം നല്‍കുകയുംഅവരോടൊപ്പം നില്‍ക്കുകയും ചെയ്യാന്‍ നാം ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ സൂചിപ്പിച്ചു.
ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് കെ.വി. അബൂബക്കര്‍, ജനറല്‍ സെക്രട്ടറി റഷീദ് മാണൂര്‍, ചീഫ് കോഡിനേറ്റര്‍ നൂറുല്‍ ഹഖ് എന്നിവരും പരിപാടിയില്‍ സംസാരിച്ചു.