കാലിക്കറ്റ് എയര്‍പോര്‍ട്ട്; പുതിയ നിബന്ധനകള്‍ യാത്രക്ക് പ്രയാസം സൃഷ്ടിക്കരുത്. ഗപാഖ്
അമാനുല്ല വടക്കാങ്ങര
ദോഹ : കാലിക്കറ്റ് എയര്‍ പോര്‍ട്ടില്‍ ഉണ്ടായ അപകടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നടപ്പാക്കാനായി സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍ ചെയര്‍മാനായി ഉണ്ടാക്കിയ കമ്മറ്റി അംഗീകരിച്ച നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കാത്ത വിധത്തിലായിരിക്കണമെന്ന് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ ( ഗപാഖ് ) മുഖ്യമന്ത്രി, ബന്ധപ്പെട്ട എം.പി. മാര്‍ എന്നിവരോട് ആവശ്യപ്പെട്ടു.
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മിനിമം ദൂരക്കാഴ്ച പരിധി നിലവിലുള്ള 300 മീറ്റര്‍ എന്നത് 800 മീറ്ററായി ഉയര്‍ത്തണമെന്നാണ് ഒരു നിര്‍ദ്ദേശം.
800 മീറ്റര്‍ എന്നതാണ് ഡിജിസിഎ യുടെ മാനദണ്ഡം എന്നാണ് കമ്മറ്റി ചൂണ്ടിക്കാണിക്കുന്നത്.
അതുപോലെ,വിമാനം ലാന്റ് ചെയ്യുന്നതിന് കാഴ്ച പരിധി നിലവിലുള്ള 1300 മീറ്റര്‍ എന്നത് 1600 മീറ്റര്‍ എന്നാക്കി മാറ്റണം. കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ ആദ്യം ഈ പരിധി 800 മീറ്റര്‍ ആയിരുന്നു പിന്നീട് 1300 മീറ്റര്‍ ആയി ഉയര്‍ത്തുകയായിരുന്നു.
പ്രസ്തുത പരിധികള്‍ ഉയര്‍ത്തുന്നതോടെ വിമാനങ്ങള്‍ വഴി തിരിച്ചുവിടാനുള്ള സാധ്യതയും വിമാനം ഉയരുന്നത് ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ കൂടുതലാവാനും സാധ്യതയുണ്ട്. മഴക്കാലങ്ങളില്‍ ആയിരിക്കും ഈ പ്രയാസം കൂടുതല്‍ ഉണ്ടാവുക. വിദേശങ്ങളില്‍ നിന്ന് ധാരാളം പേര്‍ അവധിക്കും മറ്റും എത്തുന്നത് ജൂലൈ ആഗസ്റ്റ് മാസങ്ങളിലായതിനാല്‍ ഇത് ഏറെ പ്രയാസങ്ങളാണ് ഉണ്ടാക്കുക.
2023 മാര്‍ച്ച് മാസം തീരുമ്പോഴേക്ക് നിര്‍ബന്ധമായും റണ്‍വെ വികസനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടത്തണമെന്നും സംസ്ഥാന സര്‍ക്കാറിനോടും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോടും ശക്തമായി അഭ്യര്‍ത്ഥിച്ച കമ്മറ്റി,നിര്‍ദ്ദിഷ്ഠ ഭൂമി ഏറ്റെടുക്കല്‍ നടത്തിയിട്ടില്ലെങ്കില്‍ നിലവിലെ റണ്‍ വെയില്‍ നിന്ന് 240 മീറ്റര്‍ റിസക്ക് മാറ്റിവെച്ച് റണ്‍വെ നീളം 2,540 മീറ്റര്‍ മാത്രമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കല്‍ സമയബന്ധിതമായി നടപ്പാക്കിയിട്ടില്ലെങ്കില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന്റെ സാധ്യത എന്നേക്കുമായി ഇല്ലാതാവും. അതിനാല്‍ ഈ കാര്യത്തില്‍ ഊര്‍ജ്ജിത നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍, കോഡ് സി വിഭാഗത്തില്‍പെട്ട ചെറിയ വിമാനങ്ങള്‍ മാത്രമേ ഇറങ്ങാന്‍ അനുമതിയുള്ളൂ. ഈ അനുമതിക്കായി പതിനൊന്ന് അധിക നിര്‍ദ്ദേശങ്ങളും ഇതിനായി നിയോഗിച്ച സബ് കമ്മറ്റി സമര്‍പ്പിച്ചിട്ടുണ്ട്.
കോഡ് ഡി , കോഡ് ഇ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി , കോഡ് സി വിമാനങ്ങള്‍ക്കായി പറഞ്ഞ മുഴുവന്‍ നിബന്ധനകളും ഭൂമി ഏറ്റെടുക്കല്‍ നടപടിയും പൂര്‍ത്തിയാവുന്നത് വരെ റദ്ദാക്കിയിരിക്കുന്നു. നിബന്ധനകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവൂ.
ഈ അവസരത്തില്‍, ഉചിതമായ ഇടപെടലുകളും നടപടികളും ഉണ്ടാവേണ്ടത് അന്ത്യന്താപേക്ഷികമാണെന്നും ഗപാഖ് വിലയിരുത്തി.
യോഗത്തില്‍, പ്രസിഡന്റ് ,കെ.കെ. ഉസ്മാന്‍, ജന.സെക്രട്ടറി ഫരീദ് തിക്കോടി, അര്‍ളയില്‍ അഹമ്മദ് കുട്ടി, മശ്ഹൂദ് തിരുത്തിയാട്, അമീന്‍ കൊടിയത്തൂര്‍, ഗഫൂര്‍ കോഴിക്കോട്, എ. ആര്‍ ഗഫൂര്‍, സുബൈര്‍ ചെറുമോത്ത്, മുസ്തഫ എലത്തൂര്‍, അന്‍വര്‍ സാദത്ത് ടി.എം.സി, ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു.