ജീവിതം കൊണ്ട് കവിത രചിക്കുന്ന ജയന് മടിക്കൈ
അമാനുല്ല വടക്കാങ്ങര
ജീവിതം കൊണ്ട് കവിത രചിക്കുന്ന പ്രവാസി കലാകാരനാണ് ജയന് മടിക്കൈ. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്തുള്ള മടിക്കൈ സ്വദേശിയായ ജയന് കോളേജ് കാലത്ത് കുറച്ചൊക്കെ കഥകളും കവിതകളുമൊക്കെ കുത്തിക്കുറിക്കുകയും സമ്മാനം നേടുകയും ചെയ്തിരുന്നെങ്കിലും ജീവിതായോധനത്തിനായി പ്രവാസ ലോകത്തെത്തിയതോടെ എഴുത്തും വായനയുമൊക്കെ ഏറെക്കുറേ അസ്മതിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് കാലം സൃഷ്ടിച്ച ഏകാന്തതയും ഒഴിവ് സമയവും ഈ ചെറുപ്പക്കാരനിലെ ഉറങ്ങിക്കിടന്ന സര്‍ഗവാസനകളെ തൊട്ടുണര്ത്തുകയായിരുന്നുവെന്നുവേണം കരുതാന്‍.
കോവിഡിന്റെ ഭീഷണമായ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ച് കഴിഞ്ഞ പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ സജീവമാക്കുന്നതിനായി ടിക് ടോക് ചെയ്ത് തുടങ്ങിയാണ് ജയന് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായത്. അതിനിടയിലാണ് ഒരു ചെറിയ പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ആ പാട്ടിന് ലഭിച്ച പിന്തുണയും പ്രതികരണങ്ങളും ജയനില്‍ ഒളിഞ്ഞുകിടന്നിരുന്ന കാവ്യ ഭാവന ഉണര്‍ത്തുകയും സജീവമായി എഴുതാന്‍ വഴിയൊരുക്കുകയും ചെയ്തു.
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സഞ്ചാരത്തിനിടക്ക് തികച്ചും യാദൃശ്ചികമായാണ് പത്താം ക്ളാസില്‍ തന്നോടൊപ്പം പഠിച്ച ഏതാനും കൂട്ടുകാരെ കണ്ടെത്തിയതും അവരോടൊപ്പം ഒരു ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തത്. തങ്ങളുടെ ഗ്രൂപ്പിനെക്കുറിച്ച ഒരു പാട്ട് വേണമെന്ന ചര്‍ച്ച നടന്നപ്പോള്‍ ജയന് കാര്യമായി പ്രതികരിച്ചില്ലെങ്കിലും അന്ന്തന്നെ ഗ്രൂപ്പിനെക്കുറിച്ചൊരു മനോഹരമായ പാട്ടെഴുതി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. ജയന് എഴുതുമെന്നോ പാടുമെന്നോ എന്നൊന്നും പത്താം ക്ളാസിലെ കൂട്ടുകാര്ക്കറിയില്ലായിരുന്നു. എന്നാല്‍ തങ്ങളുടെയൊക്കെ മനസിലെ ആഗ്രഹങ്ങള്‍ കണ്ടറിഞ്ഞ് ജയന് കുറിച്ച ‘കൂട്ടുകാര്‍ക്കായ്’ എന്ന ഗാനം ഏറെ സ്വീകരിക്കപ്പെടുകയും എല്ലാവരും അഭിനന്ദിക്കുകയും ചെയ്തതോടെ ജയനിലെ എഴുത്ത്കാരന് ആത്മവിശ്വാസം വര്‍ദ്ധിക്കുകയും പ്രവാസ ജീവിതത്തിന്റെ ഓരോ അനുഭവങ്ങളും കവിതകളാക്കി ജീവിതം കൊണ്ട് കവിത രചിക്കുന്ന കലാകാരനായി മാറുകയും ചെയ്തത് വളരെ കുറഞ്ഞ കാലം കൊണ്ടാണ്. പാട്ടിന്റെ ഗംഭീരമായ വരികളും ആശയവും കൂട്ടുകാരുടെ കയ്യടി നേടിയതോടെ ഈ പാട്ട് ആരെക്കൊണ്ടെങ്കിലും പാടിക്കണമെന്ന മോഹമുദിച്ചു. അങ്ങനെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിപിനെ കൊണ്ട് ആ പാട്ട് പാടിച്ചത്.
സ്നേഹസൗഹൃദങ്ങളുടെ എല്ലാ വൈകാരിക തലങ്ങളുമുള്‍കൊണ്ട് വിപിന്‍ ആ ഗാനമാലപിച്ചപ്പോള്‍ സഹൃദയലോകം ഒന്നടങ്കം അത് ഏറ്റെടുത്തു. ജയനെന്ന എഴുത്തുകാരനെ സര്‍ഗസഞ്ചാരത്തിന്റെ സജീവമായ മേച്ചില്‍പ്പുറങ്ങളിലേക്കാണ് ഈ പ്രോല്‍സാഹനങ്ങളും പിന്തുണയുമൊക്കെ കൊണ്ടെത്തിച്ചത്. കൊറോണകാലത്ത് മാത്രം മുന്നൂറോളം കവിതകളാണ് ഈ ചെറുപ്പകാരന്റെ തൂലികയില്‍ നിന്നും അടര്‍ന്ന് വീണത് എന്നറിയുമ്പോള്‍ ആരും വിസ്മയിച്ചുപോകും. ജീവിതാനുഭവങ്ങളെ ലളിതമായ ഭാഷയിലും താളത്തിലും കവിതകളാക്കുന്നുവെന്നതാണ് ജയന്റെ എഴുത്തുകളുടെ പ്രത്യേകത.
ഓരോ മനുഷ്യന്റേയും ജീവതാളം നിയന്ത്രിക്കുന്ന പ്രധാന ശക്തികളായ അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചും ജയന് എഴുതിയ കവിതകള്‍ ഏറെ ശ്രദ്ധേയമാണ് . ജീവന്റെ തുടിപ്പുകളും ക്രിയാത്മക ചലനങ്ങളുമെന്നപോലെ വൈകാരികതയും അടയാളപ്പെടുത്തുന്ന ഈ രണ്ട് പാട്ടുകളും സഹൃദയ ലോകം ഏറ്റെടുക്കുകയായിരുന്നു. അമ്മയെകുറിച്ച പാട്ട് വിപിനും അച്ഛനെക്കുറിച്ച പാട്ട് കാര്‍ത്തികയുമാണ് ആലപിച്ചത്.
ജോ ആന്റ് ജി മീഡിയയുടെ ബാനറില്‍ ദിപു ജോസഫ് നിര്‍മിച്ച് മീഡിയ പ്ളസ് കലാകാരന് ജോജിന്‍ മാത്യു സംഗീതവും സംവിധാനവും നിര്‍വഹിച്ച അച്ഛനമ്മമാര്‍ക്കുള്ള സംഗീതസമര്‍പ്പണമായ ‘അമ്മയും അച്ഛനും’ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ വരികളും ജയന് മടിക്കൈയുടേതായിരുന്നു.
ജീവിതത്തില്‍ പകരം വെക്കാനില്ലാത്ത അനുഗ്രഹമായ അച്ചനമ്മമാരുടെ സ്നേഹം ഓര്‍മിപ്പിക്കുന്ന ഈ ആല്‍ബം വരികളുടെ മനോഹാരിത കൊണ്ടും, സ്വരമാധുര്യം കൊണ്ടും സംഗീതം കൊണ്ടും മുന്നിട്ട് നില്ക്കുന്ന സൃഷ്ടിയെന്ന നിലക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഭൗതിക സുഖ സൗകര്യങ്ങളും സംവിധാനങ്ങളും വ്യാപകമാകുന്ന ആധുനിക ലോകത്ത് ബന്ധങ്ങള്‍ പോലും യാന്ത്രികമാവുകയാണ്. വളര്‍ത്തിവലുതാക്കിയ മാതാപിതാക്കള്‍ക്ക് പോലും അര്‍ഹമായ പരിഗണനയോ പ്രാധാന്യമോ ലഭിക്കാത്ത എത്രയോ സന്ദര്‍ഭങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഇത്തരം ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ ഒരു വികാരമാണ് അമ്മയേയും അച്ഛനേയും കുറിച്ച പാട്ടുകള്‍ അടയാളപ്പെടുത്തുന്നത്.
തന്റെ നാട്ടിലെ അമ്പലകമ്മറ്റിക്കായി ജയന് വരികളെഴുതി ‘സ്തുതിഗീതം’ എന്ന പേരിൽ പുറത്തിറക്കിയ ഭക്തിഗാന ആല്‍ബവും ഏറെ ശ്രദ്ധിക്കപ്പെട്ട രചനയാണ് .
സാമൂഹ്യ മാധ്യമങ്ങളാണ് ജയന് മടിക്കൈ എന്ന കലാകാരനെ വളര്‍ത്തിയത്. ഓരോ പാട്ടുകളും ആയിരക്കണക്കിന് സഹൃദയര്‍ ഏറ്റെടുക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ കവിത ജയന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. സുഖദു:ഖ സമ്മിശ്രമായ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെ മനോഹരങ്ങളായ വരികളാക്കി സര്ഗസായൂജ്യമടയുന്ന ഈ കലാകാരന് ജീവിതത്തിന്റെ ഓര്‍മച്ചെപ്പില്‍ സൂക്ഷിക്കുന്ന വികാരങ്ങളും വിചാരങ്ങളും സ്നേഹസൗഹൃദങ്ങളുടേതാണ്. ഓണ്‍ലൈന്‍ മല്‍സരങ്ങളും സാഹിത്യ സംവാദങ്ങളുമൊക്കെ ഈ കവിയുടെ ഭാവനയേയും ശൈലിയേയും തേച്ചുമിനുക്കിയപ്പോള്‍ ആ തൂലികയില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന വരികള്‍ ഹൃദ്യമാക്കി.
റിവേഴ്സ് ഗിയര്‍ മാഗസിന് സംസ്ഥാന തലത്തില്‍ കവിത രചനയില്‍ സമ്മാനം നേടിയതാണ് തന്റെ കന്നി പുസ്തകത്തിന്റെ പിറവിക്ക് കാരണമായത്. ‘പത്താളെ ചെമ്പ്’ എന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത് റിവേഴ്സ് ഗിയര്‍ പ്രിന്റ് മീഡിയയായിരുന്നു.
മടിക്കൈയില്‍ കര്‍ഷകനായിരുന്ന പരേതനായ കുഞ്ഞിരാമന്റേയും കുഞ്ഞമ്മയുടേയും പത്തുമക്കളില്‍ ഇളയവനായ ജയന് തന്റെ ജീവിതയാത്രയുടെ ഏറെ ഹൃദ്യമായ ഒരേടാണ് പത്താളെ ചെമ്പ് എന്ന പുസ്കത്തില്‍ വരച്ചുവെക്കുന്നത്. ജീവിത ഗന്ധിയായ കഥകളും കവിതകളും ഓര്‍മക്കുറിപ്പുകളും സവിശേഷമാക്കുന്ന ഈ രചന വളര്‍ന്നുവരുന്ന ഒരെഴുത്തുകാരന്റെ കന്നിയങ്കത്തിന്റെ എല്ലാഗുണഗണങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ആദ്യവായനയില്‍ തന്നെ ബോധ്യമാകും.
തന്റെ കഥകളിലെ നായകനും വില്ലനുമായ അച്ഛനാണ് ജയന് തന്റെ ആദ്യ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. പുസ്കത്തില്‍ ആദ്യന്തം നിറഞ്ഞുനില്ക്കുന്ന ജീവിതത്തിന്റെ നേര്‍സാക്ഷ്യമായി ഈ സമര്‍പ്പണം വിലയിരുത്തപ്പെടാം.
പത്താളെ ചെമ്പ് എന്നാല്‍ എല്ലാവര്ക്കും അവകാശപ്പെട്ട മുതല്‍ എന്നാണര്‍ഥം. അത് വീട്ടിലെ പത്താമനായി പിറന്ന ജയന് കിട്ടിയ വിശേഷണമാണ് എന്നത് ഈ അനുഭവക്കുറിപ്പിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നു.
പുസ്തകം പുറത്തിറങ്ങിയ ശേഷമുള്ള പ്രതികരണങ്ങള്‍ ആശാവഹമാണ്. സാധാരണക്കാരായ വായനക്കാരുടെ ജീവിതവുമായി ബന്ധമുള്ള ഒരെഴുത്ത്. വൃത്തവും അലങ്കാരവും തേടി വരുന്നവര്‍ക്ക് വൃത്തിയുള്ള ഒന്നും തന്റെ വരികളില്‍ കാണാനായെന്ന് വരില്ല. എന്നാല്‍ ജീവിതാനുഭവങ്ങളുടെ നേര് ചിത്രമായി പലര്‍ക്കും തോന്നാവുന്ന പലതും ഈ പുസ്കത്തിലുടനീളം കാണാനാകുമെന്നാണ് ജയന് പുസ്കത്തിന്റെ ആമുഖത്തില്‍ പറയുന്നത്.
താമസിയാതെ തന്നെ ഒരു നോവല്‍, ഒരു കഥ സമാഹാരം, ഒരോര്മക്കുറിപ്പ് എന്നിവ സാക്ഷാല്‍ക്കരിക്കണമെന്നാണ് ഈ കലാകാരന്റെ സ്വപ്നം.
അശ്വതിയാണ് ഭാര്യ. തേജസ്വിനി, അശ്വത് എന്നിവര്‍ മമക്കളാണ്. സരോജിനി, സുമതി, ലക്ഷ്മി, ചന്ദ്രന്, വിജയന്, രാമചന്ദ്രന്, ചന്ദ്രമതി, നാരായണന്, സുജാത എന്നിവര്‍ കൂടെപ്പിറപ്പുകളാണ്.
12 വര്‍ഷം യു.എ.ഇ.യില്‍ പ്രവാസിയായിരുന്ന ജയന് കഴിഞ്ഞ 5 വര്‍ഷമായി ഖത്തര്‍ പ്രവാസിയാണ് . ഖത്തറിന്റെ കലാസാംസ്കാരിക പാരമ്പര്യങ്ങളും പരിസരങ്ങളും ഈ കലാകാരനില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സൃഷ്ടികള്‍ പിറവിയെടുക്കുന്നതിന് കാരണമാകുമെന്ന് നമുക്കാശിക്കാം.
സദ്ഭാവന ബുക്സിന്റെ പണ്ഡിറ്റ് കറുപ്പന് പ്രതിഭ പുരസ്കാരം ജയന് മടിക്കൈ എന്ന യുവ എഴുത്തുകാരന്റെ വളര്‍ച്ചയുടെ തൊപ്പിയിലെ പൊന്‍തൂവലാണ്.