ലോകകപ്പ് ആരാധകര്‍ക്ക് താമസിക്കാന്‍ മരുഭൂമിയില്‍ ആയിരം ടെന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് താമസിക്കാന്‍ മരുഭൂമിയില്‍ ആയിരം ടെന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ഖത്തര്‍. മരുഭൂമിയില്‍ പരമ്പരാഗത ബെഡൂയിന്‍ ശൈലിയിലുളള കൂടാരങ്ങളാണ് സ്ഥാപിക്കുക.
ഇവയില്‍ 200 എണ്ണം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആഡംബര ടെന്റുകള്‍ ആയിരിക്കും.ദോഹക്ക് ചുറ്റും നിര്‍മിക്കുന്ന ടെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് അതൊരു അപൂര്‍വ അനുഭവമായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി അക്കോമഡേഷന്‍ ഇന്‍ ചാര്‍ജ് ഉമര്‍ അല്‍ ജാബര്‍ അഭിപ്രായപ്പെട്ടു. ഒഴിഞ്ഞ പ്ലോട്ടുകളില്‍ പ്രീ ഫാബ്രിക്കേറ്റഡ് ഫാന്‍ വില്ലേജുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് അല്‍ ജാബര്‍ പറഞ്ഞു.
ഗുരുതരമായ താമസ സൗകര്യക്ഷാമം പരിഹരിക്കുന്നതിനാണ് ടെന്റുകള്‍ സ്ഥാപിക്കുന്നത്. ഫ്‌ളോട്ടിംഗ് ഹോട്ടലുകളും ഹോളിഡേ ഹോമുകളുമൊക്കെ താമസസോൗകര്യത്തിനായി പ്രയോജനപ്പെടുത്തും.
നവംബര്‍ 21 മുതല്‍, ഡിസംബര്‍ 18 വരെയുള്ള 28 ദിവസത്തെ ടൂര്‍ണമെന്റിനായി 1.2 ദശലക്ഷം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഖത്തര്‍ ടൂറിസത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഖത്തറിന് ഏകദേശം 30,000 ഹോട്ടല്‍ മുറികളാണുള്ളത്.