ഫിഫ 2022 ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങളെയും അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ
അമാനുല്ല വടക്കാങ്ങര
ദോഹ: 2022ലെ ഫിഫ ലോകകപ്പ് ഖത്തറിന് യോഗ്യത നേടിയ 32 രാജ്യങ്ങളെയും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അഭിനന്ദിച്ചു.
ജൂണ്‍ 13, 14 തിയ്യതികളിലായി ഖത്തറില്‍ നടന്ന രണ്ട് ഭൂഖണ്ഡാന്തര പ്ലേ ഓഫുകള്‍ക്കായി ദോഹയിലുണ്ടായിരുന്ന പ്രസിഡന്റ് ഇന്‍ഫാന്റിനോ എല്ലാ ടീമുകള്‍ക്കും ആശംസകള്‍ നേര്‍ന്നു.
ചൊവ്വാഴ്ച അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെ കോസ്റ്റാറിക്ക പരാജയപ്പെടുത്തിയതോടെയാണ് ലോകകപ്പില്‍ മാറ്റുരക്കുന്ന 32 ടീമുകളുടെ അന്തിമ പട്ടിക പൂര്‍ത്തിയായത്. ഇരുപത്തിനാല് മണിക്കൂര്‍ മുമ്പ് ഇതേ വേദിയില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെ ഓസ്ട്രേലിയ പെറുവിനെ മറികടന്നു.
എക്കാലത്തെയും മികച്ച ലോകകപ്പായിരിക്കും ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോക കപ്പെന്ന് ഫിഫ പ്രസിഡണ്ട് ആവര്‍ത്തിച്ചു.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 നവംബര്‍ 21 ന് നാല് മത്സരങ്ങളോടെ ആരംഭിക്കും. സെനഗലും നെതര്‍ലാന്‍ഡ്‌സുമാണ് ഓപ്പണിംഗ് ഗെയിം കളിക്കുക. അതേ ദിവസം തന്നെ, ഇംഗ്ലണ്ട് ഇറാനെയും ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെയും വെയില്‍സ് യുഎസ്എയേയും നേരിടും. ഫൈനല്‍ മത്സരം ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് നടക്കുക.