മോഹന്‍ അയിരൂര്‍ ദോഹ വിടുന്നു
അമാനുല്ല വടക്കാങ്ങര
സര്‍ഗാത്മകമായ ഇടപെടലുകളിലൂടെ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക കലാരംഗങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യം അടയാളപ്പെടുത്തിയ മോഹന്‍ അയിരൂര്‍ 4 പതിറ്റാണ്ട് നീണ്ട ഖത്തറിലെ ധന്യമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് ദോഹ വിടുന്നു. 1983 ല്‍ ഖത്തറിലെത്തിയ ശേഷം നാടക നടന്‍, സംവിധാകന്‍, ഗായകന്‍, അവതാരകന്‍ , ജനസേവകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, സംഘാടകന്‍ തുടങ്ങി വിവിധ മേഖലകളില്‍ തന്റെ സജീവമായ സാന്നിധ്യമടയാളപ്പെടുത്തിയാണ് മോഹന്‍ അയിരൂര്‍ ഖത്തറിനോട് വിട പറയുന്നത്.
ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സിനിമ നടനാകണമെന്ന അടങ്ങാത്ത മോഹവുമായി പല വാതിലുകളും മുട്ടിയെങ്കിലും ഗോഡ്ഫാദര്‍ ഇല്ലാത്തതിനാല്‍ മോഹം സാക്ഷാല്‍ക്കരിക്കാനായില്ല. മിമിക്രി, മോണോ ആക്ട്, ഫാന്‍സി ഡ്രസ്സ് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സമ്മാനം നേടിയ മോഹന്‍ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായാണ് ഖത്തറിലെത്തിയത്. ഖത്തറില്‍ അരങ്ങേറിയ നിരവധി നാടകങ്ങളില്‍ അരങ്ങ് നിറഞ്ഞ നടനായും സംവിധാകനായും സംഘാടകനുമായുമൊക്കെ തിളങ്ങിയ മോഹന്‍ പ്രവാസ ലോകത്തെ കലാപ്രവര്‍ത്തനങ്ങളുടെ പിമ്പലത്തില്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം കണ്ടെത്തി. റോയ് മണപ്പളളില്‍ കഥ, തിരക്കഥ, സംവിധാനം എന്നിവയൊരുക്കുന്ന തൂലിക എന്ന തന്റെ അമ്പതാമത് സിനിമ അടുത്ത മാസം റിലീസാവാനിരിക്കെയാണ് ഖത്തര്‍ പ്രവാസികളുടെ സംഭാവനയായ മോഹന്‍ അയിരൂര്‍ പ്രവാസ ലോകത്തോട് വിട പറയുന്നത്. സിനിമയോടൊപ്പം സീരിയല്‍ രംഗത്തും സജീവമായ മോഹന്റെ അമ്പത്തിയൊന്നാമത് സീരിയലാണ് സാന്ത്വനം .
മലയാളത്തിലെ പ്രഗല്‍ഭ സംവിധായകരായ പി.എന്‍. മേനോന്‍, ഷാജി കൈലാസ് , ജോഷി, സിദ്ധീഖ്, ശ്രീകുമാരന്‍ തമ്പി, സുരേഷ് ഉണ്ണിത്താന്‍ തുടങ്ങിയവരുടെ സിനിമകളിലൊക്കെ ഭേദപ്പെട്ട വേഷം ചെയ്യാന്‍ അവസരം ലഭിച്ചുവെന്നത് സിനിമ രംഗത്തെ ഭാഗ്യമായാണ് മോഹന്‍ കരുതുന്നത്. പ്രവാസ ലോകത്തെ തന്റെ കലാപ്രവര്‍ത്തനങ്ങളും ഇടപെടലുകളുമാണ് തനിക്ക് സിനിമയിലേക്കുളള വഴി തുറന്നതെന്നാണ് മോഹന്‍ കരുതുന്നത്.
സംവിധാകന്‍ ഫാസിലിന്റെ സഹോദരന്‍ ഖൈസ് അബ്ദുല്‍ ഹമീദ് ഖത്തര്‍ പ്രവാസിയായിരുന്നു. വിവിധ വേദികളിലെ മോഹന്റെ മിന്നും പ്രകടനങ്ങള്‍ ശ്രദ്ധിച്ച അദ്ദേഹമാണ് ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയിലേക്കുള്ള വഴിയൊരുക്കിയത്. ക്രോണിക് ബാച്ചിലറില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മുട്ടിയുടെ വില്ലനായി രംഗപ്രവേശം ചെയ്ത മോഹന്‍ അയിരൂര്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ പ്രവാസ ലോകത്തെ തന്റെ സജീവ സാന്നിധ്യം നിലനിര്‍ത്തികൊണ്ട് തന്നെ വിവിധങ്ങളായ നിരവധി വേഷങ്ങളിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ചു കഴിഞ്ഞു.
പുരോഗതിയിലേക്ക് കുതിക്കുവാനൊരുങ്ങിയ ഖത്തറിന്റെ സാംസ്‌കാരിക ഭൂമികയോടൊപ്പം വളര്‍ന്ന കലാകാരനാണ് മോഹന്‍ അയിരൂര്‍. പ്രവാസികള്‍ക്കിടയില്‍ നാടകവും ഗാനമേളകളുമൊന്നും അധികം പ്രചാരത്തിലാവാത്ത കാലത്താണ് മികച്ച പല നാടകങ്ങളും അവതരിപ്പിച്ച് സഹൃദയ ലോകത്തിന്റെ പിന്തുണയോടെ മുന്നേറാന്‍ മോഹന്‍ അയിരൂരിന് സാധിച്ചു. ഡോ. വി.കെ. മോഹനന്‍, ഷാജി സെബാസ്റ്റിയന്‍ എന്നീ സഹൃദയരുമൊത്ത് രൂപീകരിച്ച കരിഷ്മ ആര്‍ട്‌സ് ഖത്തറിലെ മലയാളി കലാപ്രവര്‍ത്തനത്തിന്റെ സുപ്രധാന വേദിയായിരുന്നു. കരിഷ്മ ആര്‍ട്‌സിന്റെ സ്ഥാപക പ്രസിഡണ്ടായ മോഹന്‍ കോണ്‍ഫഡറേഷന്‍ ഓഫ് കേരള ഓര്‍ഗനൈസേഷന്‍ സ്ഥാപക ജനറല്‍ കണ്‍വീനര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രവാസി ദോഹ, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ , ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം എന്നിവയൊക്കെ മോഹന്‍ അയിരൂരിന്റെ കലാ സാംസ്‌കാരിക ഇടപെടലുകളുടെ ഭാഗമായിരുന്നു.
1991 ല്‍ ഖത്തറിലെ റമദ റിനൈസന്‍സ് ഹോട്ടല്‍ അങ്കണത്തില്‍ സംഘടിപ്പിച്ച അനശ്വര ഗാനങ്ങളുടെ മുഖ്യ സംഘാടകനായിരുന്നു മോഹന്‍. കംപ്യൂട്ടറില്‍ മലയാളം ലിപിയില്ലാത്ത അന്ന് സ്വന്തം കൈപ്പടയിലെഴുതിയ പോസ്റ്ററുകള്‍ ദോഹയിലെ വിവിധ റസ്‌റ്റോറന്റുകളിലും മറ്റും പതിച്ചതും ഇന്നും മോഹന്‍ ഓര്‍ക്കുന്നു. അനശ്വര ഗാനങ്ങള്‍ നിറഞ്ഞ സദസ്സില്‍ രണ്ട് പ്രദര്‍ശനങ്ങളാണ് നടന്നത്.
ഖത്തറിലെത്തി പത്തുവര്‍ഷത്തോളം എന്‍. ഐ.സി.സിയില്‍ എക്കൗണ്ടന്റായി ജോലി ചെയ്ത മോഹന്‍ സുഹൃത്ത് ഡോ. വി.കെ. മോഹനനുമായി ചേര്‍ന്ന് ഫോട്ടോ പവര്‍ സ്റ്റുഡിയോ ആരംഭിച്ചാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചത്.
നിരുപാധികമായ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് എന്നും പ്രാമുഖ്യം നല്‍കുന്ന മോഹന്റെ ഏറ്റവും വലിയ സമ്പത്തും ഈ സൗഹൃദം തന്നെയാകും. മതജാതി രാഷ്ട്രീയ ഭേദമന്യേ ഖത്തറിലെ മലയാളി പ്രമുഖരുമായുമൊക്കെ വളരെ ഊഷ്മളമായ സൗഹൃദം സൂക്ഷിക്കുന്ന മോഹന്‍ അയിരൂരിന്റെ സ്‌നേഹവലയം വളരെ വിശാലമാണ് .
പത്തനം തിട്ട ജില്ലയില്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന കെ.പി. ജോണിന്റേയും അധ്യാപികയായിരുന്ന സാറാമ്മ ജോണിന്റേയും മകനായാണ് മോഹന്‍ ജനിച്ചത്. മകന്‍ ഉത്തരവാദിത്ത ബോധമുള്ള ഒരു അധ്യാപകനോ ഉദ്യോഗസ്ഥനോ ആകണമെന്നാണ് പിതാവ് ആഗ്രഹിച്ചത്. പിതാവിന് കലാപാരമ്പര്യമുണ്ടായിരുന്നിട്ടും ഈ രംഗത്ത് വേണ്ടത്ര പ്രോല്‍സാഹനമോ അവസരങ്ങളോ നല്‍കാതെ രക്ഷിതാക്കള്‍ വളര്‍ത്തിയത് ജീവിതത്തില്‍ ലക്ഷ്യം പിഴക്കുമോ എന്ന ആശങ്ക കൊണ്ടായിരുന്നു. ദൈവം കനിഞ്ഞരുളിയ സിദ്ധികളൊക്കെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയപ്പോള്‍ ലക്ഷ്യം പിഴച്ചില്ലെന്ന് മാത്രമല്ല സഹൃദയ ലോകത്തിന്റെ പിന്തുണയുള്ള സിനിമ സീരിയല്‍ നടനായും കലാകാരനായും മോഹന്‍ അയിരൂര്‍ അംഗീകരിക്കപ്പെട്ടുവെന്നും വേണം കരുതാന്‍.
കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ നിന്നും പ്രീഡിഗ്രി പാസായ മോഹന്‍ പ്രൈവറ്റായാണ് ബികോമിന് പഠിച്ചത്. മൂന്ന് വര്‍ഷത്തോളം മുമ്പൈയില് ജോലി ചെയ്ത സമയത്ത് കലാഭവന്‍ മുമ്പൈ , ആദം തിയേറ്റേര്‍സ് എന്നിവയുമായി സഹകരിച്ച് അമ്പതോളം അമേച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു. ഈ മൂന്ന് വര്‍ഷക്കാലം തന്റെ കലാസാംസ്‌കാരിക ജീവിതത്തിലെ പരിശീലന കാലമായിരുന്നുവെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ഹമദ് ഹോസ്പിറ്റലില്‍ നഴ്‌സായിരുന്ന ഉഷയാണ് ഭാര്യ. മുമ്പൈ ഫിലിം സിറ്റി സിറ്റിയിലെ വിസ് ലിംഗ് വുഡ്‌സില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കി മൂത്ത മകള്‍ പുഞ്ചിരി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ മെഡിക്കല്‍ കോര്‍ഡിനേറ്ററാണ് . മരുമകന്‍ ജോസി എബ്രഹാം ഗല്‍ഫ് ടൈംസിലാണ് ജോലി ചെയ്യുന്നത്.
രണ്ടാമത്തെ മകള്‍ പഞ്ചമി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി പ്രിയതമന്‍ അനീഷ് ജോര്‍ജിനോടൊപ്പം കുവൈത്തിലാണ് .
ഇളയ മകള്‍ പൗര്‍ണമി ബി.കോം കഴിഞ്ഞ് ബാംഗ്‌ളൂരില്‍ ജോലി ചെയ്തുവരുന്നു.
കലയും കുടുംബജീവിതവും ദൈവവിശ്വസവും പ്രാര്‍ഥനയുമൊക്കെ തന്റെ ജീവിതത്തെ മനോഹരമാക്കുന്ന ഘടകങ്ങളാണെന്നാണ് മോഹന്‍ കരുതുന്നത്.