ടീസ്റ്റ സെറ്റല്‍വാദിന്റെ അറസ്റ്റ് അന്യായമെന്ന് സോഷ്യല്‍ ഫോറം
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെ അറസ്റ്റ് ചെയ്ത ഗുജറാത്ത് പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. രാജ്യത്ത് ഭരണകൂടത്തെയും അധികാര വര്‍ഗ്ഗത്തെയും വിമര്‍ശിക്കുന്നവര്‍ നിയമ നടപടികള്‍ ഏല്‍ക്കേണ്ടിവരുമെന്ന അപകടകരമായ പ്രവണതയിലേക്കാണ് രാജ്യം പോയി കൊണ്ടൊരിക്കുന്നത്. തങ്ങള്‍ക്കെതിരാണെന്ന് തോന്നുന്ന മാധ്യമ പ്രവര്‍ത്തകരെയും സാഹിത്യകാരന്മാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും എല്ലാം തുറുങ്കിലടച്ച് ഒരു ഏകാധിപത്യ ഭരണത്തിലേക്കാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടന്നടുക്കുന്നതെന്ന് സോഷ്യല്‍ ഫോറം കുറ്റപ്പെടുത്തി.
രാജ്യം ഒരുഭാഗത്ത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കെ തന്നെ മറുഭാഗത്ത് സ്വന്തം പൗരന്മാര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി അവരെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു, തങ്ങളെ വിമര്‍ശിക്കുന്നവരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തുകൊണ്ടിരിക്കുന്നു, മാന്യമായി പ്രതിഷേധിക്കാന്‍ പോലും അവസരം നല്‍കാതെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുന്നു. അശാസ്ത്രീയവും അരാഷ്ട്രീയവുമായ ഇത്തരം പ്രവണതകള്‍ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും സോഷ്യല്‍ ഫോറം ആശങ്ക പ്രകടിപ്പിച്ചു.
രാജ്യത്ത് ഈ പ്രവണത തുടരുകയാണെങ്കില്‍ അധികം വൈകാതെ തന്നെ രാജ്യത്തിന്റെ മഹത്തായ ഭരണഘടന നശിപ്പിക്കപ്പെട്ടേക്കാം. അത് സംഭവിക്കാതിരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും സോഷ്യല്‍ ഫോറം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.