റെസ്റ്റോറന്റുകള്‍ ഉപഭോക്താക്കളില്‍ നിന്ന് മിനിമം ഓര്‍ഡര്‍ ആവശ്യപ്പെടരുത്, വാണിജ്യ-വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: റെസ്റ്റോറന്റുകള്‍ ഉപഭോക്താക്കളില്‍ നിന്ന് മിനിമം ഓര്‍ഡര്‍ ആവശ്യപ്പെടരുതെന്ന് ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മിനിമം ഓര്‍ഡര്‍ സംവിധാനം ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണ് . ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ഭക്ഷണം മാത്രം ഓര്‍ഡര്‍ ചെയ്താല്‍ മതി.
”മിനിമം ചാര്‍ജ് എന്നൊന്നില്ല. ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ലാത്ത ഇനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും അധിക തുക നല്‍കാനും നിര്‍ബന്ധിതമാക്കുന്ന മിനിമം ചാര്‍ജ് ആവശ്യകത ബാധകമാക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് ”മന്ത്രാലയം തിങ്കളാഴ്ച ഒരു ട്വീറ്റില്‍ പറഞ്ഞു.
ഇതുസംബന്ധമായി 2016 ലെ ആറാം നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം മന്ത്രാലയം എല്ലാ റെസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും കഫെകള്‍ക്കും സര്‍ക്കുലര്‍ ഇഷ്യൂ ചെയ്തിരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
റെസ്റ്റോറന്റുകള്‍ മിനിമം ഓര്‍ഡര്‍ ആവശ്യപ്പെടുന്നതായുള്ള പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.