
ഖത്തറിലെ 7 കോവിഡ് ആശുപത്രികളിലും സന്ദര്‍ശകരെ അനുവദിക്കില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: രോഗികളുടേയും സന്ദര്‍ശകരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സുരക്ഷ കണക്കിലെടുത്ത് ഖത്തറിലെ 7 കോവിഡ് ആശുപത്രികളിലും സന്ദര്‍ശനം കര്‍ശനമായി നിരോധിച്ചതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും (എച്ച്എംസി) പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനും (പിഎച്ച്സിസി) പൊതുജനാരോഗ്യ മന്ത്രാലയവും തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നിലവിലെ ഏഴ് കോവിഡ് ആശുപത്രികള്‍ : അല്‍ വകറ ഹോസ്പിറ്റല്‍, ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രി, കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ക്യൂബന്‍ ഹോസ്പിറ്റല്‍, റാസ് ലഫാന്‍ ഹോസ്പിറ്റല്‍, മിസഈദ് ഹോസ്പിറ്റല്‍, സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്റര്‍ എന്നിവയാണ്. ഇവിടങ്ങളില്‍ ഒരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കില്ല.
എല്ലാ നോണ്‍-കോവിഡ് ആശുപത്രികളിലും സന്ദര്‍ശക നയം താഴെ പറയും പ്രകാരമാണ്
* പൊതു സന്ദര്‍ശന സമയം എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 8 വരെയാണ്.
* സന്ദര്‍ശകര്‍ ഇഹ്തിറാസ് സ്റ്റാറ്റസ പച്ചയുള്ളവരാകണം. മാസ്‌ക് ധരിക്കണം. പ്രവേശനത്തിന് മുമ്പ് താപനിലയും പരിശോധിക്കണം.
* പൊതു സന്ദര്‍ശന സമയങ്ങളില്‍ ഒരു സമയം ഒരു സന്ദര്‍ശകനെ മാത്രമേ അനുവദിക്കൂ. സന്ദര്‍ശന സമയം പരമാവധി 15 മിനിറ്റ് ആയിരിക്കും. ഒരാള്‍ക്ക് പരമാവധി 3 സന്ദര്‍ശകരെ മാത്രമേ ഒരു ദിവസം അനുവദിക്കൂ
* ഭക്ഷണം, പൂക്കള്‍, പാനീയങ്ങള്‍, ചോക്ലേറ്റുകള്‍ എന്നിവ കൊണ്ടുവരാന്‍ അനുവാദമില്ല.
* 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുവാദമില്ല.
കോവിഡ് ഭീഷണിയെ അതിജീവിക്കാനും രോഗികളുടെയും സന്ദര്‍ശകരുടെയും സ്റ്റാഫിന്റെയും സുരക്ഷയ്ക്കും സംരക്ഷണത്തിനുമായാണ് ഈ മാറ്റങ്ങള്‍ നടപ്പിലാക്കുന്നെതന്നും പൊതുജനം സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.