അനശ്വരഗായകന്‍ മുഹമ്മദ് റഫിക്ക് കള്‍ച്ചറല്‍ ഫോറത്തിന്റെ ഓര്‍മ്മ വിരുന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് അനുസ്യൂതം ഒഴുകിപ്പരക്കുന്ന മഹാഗായകന്‍ മുഹമ്മദ് റഫിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വച്ച് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച അനുസ്മരണ സായാഹ്നം. റഫിയുടെ നാദ സൗഭഗം ജീവന്‍ പകര്‍ന്ന് അനശ്വരമാക്കിയ മധുരിത ഗാനങ്ങള്‍ കോര്‍ത്തിണക്കി, പാടിയ ഓരോ ഗാനത്തിലും തന്റെ മധുര ശബ്ദത്താല്‍ ആത്മാവ് പകര്‍ന്നു നല്‍കിയ അതുല്യ പ്രതിഭയ്ക്ക് ദോഹയിലെ ഗായകര്‍ ഓര്‍മ്മവിരുന്നൊരുക്കി.
കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കാലത്തിനു ക്ഷതമേല്‍പ്പിക്കാന്‍ കഴിയാത്ത സംഗീത നിര്‍ത്ധരിയായിരുന്നു മുഹമ്മദ് റഫിയെന്നും പാടിപ്പെയ്തു തോര്‍ന്ന ആ പെരുമഴ ഇപ്പോഴും ആസ്വാദക മനസ്സില്‍ അലൗകികമായ അനുരണനം സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സൈഫുദ്ദീന്‍ അബ്ദുല്‍ ഖാദര്‍, ഷബീബ് അബ്ദുറസാഖ്, അബ്ദുല്‍ വാഹിദ്, നിസാര്‍ സഗീര്‍, കൃഷ്ണകുമാര്‍, ഷാഫി ചെമ്പോടന്‍, സിദ്ധീഖ് സിറാജുദ്ദീന്‍, ഹംന ആസാദ്, മെഹ്ദിയ മന്‍സൂര്‍, ഷഫാഹ് ബച്ചി, പി.എ.എം ഷരീഫ്, ഫൈസല്‍ പുളിക്കണ്ടി, മുഹമ്മദലി വടകര, നിസാര്‍ സമീര്‍, തുടങ്ങിയവര്‍ റഫിയുടെ മധുരമുള്ള ഈണങ്ങള്‍ വേദിയിലവതരിപ്പിച്ചു.
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ടുമാരായ ചന്ദ്രമോഹന്‍, മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി മജീദ് അലി, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, റുബീന മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ഗായകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി അനീസ് റഹ്‌മാന്‍ മാള പരിപാടി നിയന്ത്രിച്ചു. അബ്ദുലത്തീഫ്, അസീം, സിദ്ദീഖ് വേങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.