ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ന് പന്തുരുളുമ്പോള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിയുടെ മഹാമേളയായ ഫിഫ ലോക കപ്പിന്റെ ഇരുപത്തിരണ്ടാമത് എഡിഷന് മധ്യപൗരസ്ത്യ ദേശത്ത് ആദ്യമായി വേദിയൊരുങ്ങുമ്പോള്‍ കളിയുടെ ഒരോ വേദിയും ഏറെ സവിശേഷതകളും സാംസ്‌കാരിക പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഫിഫ 2022 വിന്റെ കലാശക്കൊട്ടിന് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ന് പന്തുരുളുമ്പോള്‍ കാല്‍പന്തുകളിയാരാധകരുടെ ആവേശം വാനോളമുയരുന്നത് സ്വാഭാവികം.
ക്യൂ.എന്‍.ബി ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മല്‍സരത്തില്‍ അല്‍ അറബി ക്‌ളബ്ബും അല്‍ റയ്യാന്‍ ക്‌ളബ്ബും തമ്മിലുള്ള മല്‍സരത്തിനാണ് അത്യാധുനിക സൗകര്യങ്ങളോടെ പണിത ലുസൈല്‍ സ്റ്റേഡിയം മിഴി തുറക്കുക.
എണ്‍പതിനായിരം പേര്‍ക്ക് കളികാണാന്‍ സൗകര്യമുള്ള ലോകോത്തര സ്റ്റേഡിയം പണി പൂര്‍ത്തിയായ ശേഷമുള്ള ആദ്യ മല്‍സരമാണിത്.
ലോക കപ്പിനായി ഖത്തര്‍ നിര്‍മിച്ച സ്റ്റേഡിയങ്ങളൊക്കെയും നൂതനാവിഷ്‌കാരങ്ങളായി ഇതിനകം തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. ഫൈനല്‍ മല്‍സരങ്ങളടക്കം സുപ്രധാനമായ പത്തോളം മല്‍സരങ്ങള്‍ക്ക് വേദിയാകുന്ന ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഇന്ന് പന്തുരുളുന്നത്.
ഫനാര്‍ വിളക്കിന്റെ സവിശേഷതയായ പ്രകാശത്തിന്റെയും നിഴലിന്റെയും ഇടപെടലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഗംഭീരമായ സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന. ഈ പ്രദേശത്തെ നാഗരികതയുടെ ഉയര്‍ച്ചയുടെ കാലത്ത് അറബ്, ഇസ്ലാമിക ലോകത്തുടനീളം കണ്ടെത്തിയ പാത്രങ്ങള്‍, മറ്റ് കലാരൂപങ്ങള്‍ എന്നിവയിലെ സങ്കീര്‍ണ്ണമായ അലങ്കാര രൂപങ്ങളെ പ്രതിധ്വനിപ്പിക്കുന്നതാണ് ഇതിന്റെ ആകൃതിയും രൂപവും.
പരമ്പരാഗത അറബ് പാനപാത്രത്തില്‍ ഫനാര്‍ റാന്തലിന്റെ നിഴലും വെളിച്ചവും വീഴുന്ന വശ്യമായ ഡിസൈന്‍ തന്നെയാകും സ്റ്റേഡിയത്തിന്റെ ഏറ്റവും വലിയ സവിശേഷത. പശ്ചിമേശ്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്‌റ്റേഡിയമെന്നതും ലുസൈലിന് അവകാശപ്പെട്ടതാകാം.
ലോക കപ്പ് കഴിയുന്നതോടെ രണ്ട് ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള നൂതന നഗരമായി ലുസൈല്‍ മാറുമ്പോള്‍ ലുസൈലിന്റെ കേന്ദ്രബിന്ദുവായി ഈ വേദി മാറും. രാജ്യത്തിന്റെയും പ്രദേശത്തിന്റെയും സമ്പന്നമായ ഭൂതകാലവും വര്‍ത്തമാനവും രചിച്ച് ലുസൈല്‍ സ്റ്റേഡിയം ഖത്തറിന്റെ ചരിത്രത്തില്‍ വര്‍ണാഭമായ ഒരു പുതിയ പേജ് എഴുതിച്ചേര്‍ക്കും.