ഖത്തറില്‍ മത സംസ്‌കാര വിരുദ്ധമായ ഉല്‍പന്നങ്ങള്‍ വിറ്റാല്‍ 10 ലക്ഷം റിയാല്‍ വരെ പിഴ
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ മത സംസ്‌കാര വിരുദ്ധമായ ഉല്‍പന്നങ്ങള്‍ വിറ്റാല്‍ 10 ലക്ഷം റിയാല്‍ വരെ പിഴയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. ഖത്തരീ സംസ്‌കാരത്തിനും ഇസ്ലാമിക മൂല്യങ്ങള്‍ക്കും നിരക്കാത്ത ചരക്കുകള്‍ വ്യാപാരം നടത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുതെന്ന് കച്ചവടക്കാരെയും ഷോപ്പിംഗ് മാളുകളെയേും വാണിജ്യ വ്യവസായ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
ഖത്തറിന്റെ സംസ്‌കാരത്തിനും മതമൂല്യങ്ങള്‍ക്കും വിരുദ്ധമായ ഉത്പന്നങ്ങള്‍ വില്‍ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്ന ഷോപ്പിംഗ് മാളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ ഭീമമായ പിഴക്ക് പുറമേ അവരുടെ വാണിജ്യ ലൈസന്‍സ് റദ്ദാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇസ്ലാമിക മൂല്യങ്ങള്‍, പൊതു ധാര്‍മ്മികത, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ ലംഘിക്കുന്ന ചരക്കുകളോ ചിത്രങ്ങളോ ദൃശ്യ-ശ്രാവ്യ വസ്തുക്കളോ പ്രദര്‍ശിപ്പിക്കരുതെന്നും എല്ലാ വാണിജ്യ വിതരണക്കാരും മതപരമായ മൂല്യങ്ങളെയും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.
2008 ലെ 8-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 2-ന്റെ ക്ലോസ് നമ്പര്‍ 4, ല്‍ ‘മതമൂല്യങ്ങള്‍, വസ്തുക്കള്‍, പാരമ്പര്യങ്ങള്‍ എന്നിവയെ ബഹുമാനിക്കണെന്ന വ്യക്തമായ നിര്‍ദേശമുണ്ട്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാരികളും ഷോപ്പിംഗ് സെന്ററുകളും ഇനിപ്പറയുന്നവ പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു:
1- അധാര്‍മ്മികമായ ഉള്ളടക്കമുള്ളതും പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധവുമായ ചിത്രങ്ങളോ ഓഡിയോ ക്ലിപ്പുകളോ ദൃശ്യങ്ങളോ മറ്റ് മെറ്റീരിയലുകളോ പ്രസിദ്ധീകരിക്കരുത്.
2- പൊതു ധാര്‍മ്മികതയെയും രാജ്യത്തിന്റെ പാരമ്പര്യത്തെയും ലംഘിക്കുന്ന ഒരു സാധനവും കടയില്‍ പ്രദര്‍ശിപ്പിക്കരുത്, കൂടാതെ സമൂഹത്തിന്റെ മതപരവും സാംസ്‌കാരികവുമായ മൂല്യങ്ങളെ ബാധിക്കുന്ന അധാര്‍മ്മിക അര്‍ത്ഥങ്ങളുള്ള ചിഹ്നങ്ങളോ ശൈലികളോ ഉള്‍ക്കൊള്ളുന്ന സമ്മാനങ്ങളും അനുയോജ്യമല്ലാത്ത പാക്കേജിംഗ് മെറ്റീരിയലുകളും പ്രൊമോഷണല്‍ വാക്യങ്ങളും ഉപയോഗിക്കരുത്. .
3- ഖത്തര്‍ വിപണിയില്‍ വ്യാപാരം നടത്തുന്നതിന് ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് മുമ്പ് ഇറക്കുമതി സ്രോതസ്സുകളുമായി ഏകോപിപ്പിക്കുകയും, ഇസ്ലാമിക മഅധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ മുദ്രാവാക്യങ്ങള്‍, ഡിസൈനുകള്‍, ചിഹ്നങ്ങള്‍ പദപ്രയോഗങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയോ വഹിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.
ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ വാണിജ്യ ലൈസന്‍സ് റദ്ദാക്കല്‍, മൂന്ന് മാസത്തേക്ക് അഡ്മിനിസ്‌ട്രേറ്റീവ് ക്ലോഷര്‍, ഒരു ദശലക്ഷം ഖത്തര്‍ റിയാല്‍ വരെ പിഴ തുടങ്ങിയ നടപടികള്‍ കൈകൊള്ളാം.
ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമായ മുദ്രാവാക്യങ്ങളോ ഡിസൈനുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അധികൃതര്‍ പൊതുജനങ്ങളോടാവശ്യപ്പെട്ടു.