ഖത്തറില്‍ ഈ അക്കാദമിക വര്‍ഷത്തില്‍ പുതിയ 8 സ്കൂളുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഈ അക്കാദമിക വര്‍ഷത്തില്‍ എട്ട് പുതിയ സ്കൂളുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലിഹ് അല്‍-നുഐമിയെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇതില്‍ അഞ്ചെണ്ണം പ്രിപ്പറേറ്ററി, സെക്കന്‍ഡറി സ്കൂളുകളാണ് . ഇവ ആഗസ്റ്റ് 21-ന് പ്രവര്‍ത്തനം തുടങ്ങും.ഓരോ സ്കൂളിലും ആറ് ക്ലാസുകളായി തിരിച്ച് 36 ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ 786 കുട്ടികളെ ഉള്‍ക്കൊള്ളുന്നതാണ് പുതിയ സ്കൂളുകള്‍.
ഖത്തറില്‍ അറബി സ്കൂളുകളിലും ഇന്ത്യന്‍ സ്കൂളുകളല്ലാത്ത ഇംഗ്ളീഷ് സ്കൂളുകളിലും ആഗസ്ത് 21 നാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. 212 പൊതുവിദ്യാലയങ്ങളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി 225,118-ലധികം വിദ്യാര്‍ത്ഥികളും 338 സ്വകാര്യ സ്കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി 215,000-ത്തിലധികം കുട്ടികളും ആഗസ്ത് 21 ന് സ്കൂളുകളില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ സ്കൂളുകളില്‍ ഏപ്രില്‍ മാസം തന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിരുന്നു. വേനലവധി കഴിഞ്ഞ് ഇന്ത്യന്‍ സ്കൂളുകള്‍ ആഗസ്ത് 16 നാണ് തുറന്നത്.