
ലോകകപ്പ് വേളയില്‍ ഉയര്‍ന്ന നിലവാരമുള്ള ആശയവിനിമയ സേവനങ്ങള്‍ നല്‍കാന്‍ ഖത്തര്‍ തയ്യാറാണെന്ന് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോകകപ്പ് വേളയില്‍ ഉയര്‍ന്ന നിലവാരമുള്ള ആശയവിനിമയ സേവനങ്ങള്‍ നല്‍കാന്‍ ഖത്തര്‍ തയ്യാറാണെന്ന് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റി . ഖത്തറിലെ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകളില്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (സിആര്‍എ) നടത്തിയ വിപുലമായ ഓഡിറ്റിന്റെ ഫലങ്ങള്‍ 2022 ഫിഫ ലോകകപ്പ് ഖത്തറില്‍ ഇന്റര്‍നെറ്റ് ഡാറ്റയുടെ ഉയര്‍ന്ന ഉപഭോഗ ആവശ്യകതകള്‍ നിറവേറ്റുന്ന ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കാന്‍ സേവന ദാതാക്കളുടെ സന്നദ്ധത തെളിയിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് .
2021-ല്‍ മുതല്‍ തന്നെ ഖത്തറിലെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് പ്രകടനത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന മില്ലിമീറ്റര്‍ (എംഎം) വേവ് സ്‌പെക്ട്രം ഉള്‍പ്പെടെയുള്ള അധിക 5 ജി സ്‌പെക്ട്രം സിആര്‍എ സേവന ദാതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
സേവനദാതാക്കള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ളതാണെന്നും നെറ്റ്വര്‍ക്കുകളില്‍ ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗത ഉറപ്പുവരുത്തുന്നുണ്ടെന്നും ഓഡിറ്റിംഗ് വ്യക്തമാക്കുന്നു.
വോയ്‌സ് കോളുകളുടെ പൂര്‍ത്തീകരണ നിരക്ക് 99.9 ശതമാനമാണെന്നും ടെക്സ്റ്റ് സന്ദേശങ്ങളുടെ വിജയകരമായ സംപ്രേക്ഷണ നിരക്ക് 99.7 ശതമാനത്തിലെത്തിയെന്നും ഓഡിറ്റ് ഫലങ്ങള്‍ സൂചിപ്പിച്ചു. ഇന്റര്‍നെറ്റ് ഡാറ്റ സേവനത്തിന്റെ പരമാവധി ഡൗണ്‍ലോഡ് വേഗത 700 എംബിപിഎസും വെബ്‌പേജ് ഡൗണ്‍ലോഡ് വിജയ നിരക്ക് 99.7 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ഖത്തറിലെ സേവന ദാതാക്കള്‍ നല്‍കുന്ന സേവന നിലവാരം മെച്ചപ്പെടുത്തുന്നത് വിലയിരുത്തുന്നതിനായി 2021 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ നടത്തിയ മൊബൈല്‍ നെറ്റ്വര്‍ക്കുകളുടെ വിപുലമായ ഓഡിറ്റിന്റെ സംഗ്രഹ ഫല റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.
അഞ്ചാം തലമുറ (5ജി) നെറ്റ്വര്‍ക്ക് വഴി നല്‍കുന്ന സേവനം ഉള്‍പ്പെടുന്ന മൊബൈല്‍ വോയ്‌സ് കോളുകള്‍, ഹ്രസ്വ സന്ദേശ സേവനം (എസ്എംഎസ്), മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റ സേവനങ്ങള്‍ എന്നിവ ഓഡിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെരുവുകള്‍, പ്രധാന റോഡുകള്‍, ഹൈവേകള്‍ എന്നിവയുള്‍പ്പെടെ ഖത്തറിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച ഓരോ സേവന ദാതാക്കളുടെ ശൃംഖലയില്‍ നിന്നും 58,000-ലധികം സാമ്പിളുകളില്‍ പ്രവര്‍ത്തി ദിവസങ്ങളിലെ തിരക്കേറിയ സമയത്താണ് ഓഡിറ്റ് നടത്തിയത്.