ലുസൈല്‍ സിറ്റിയില്‍ തരംഗമായി ട്രെന്‍ഡി റിക്ഷകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ അതിവേഗം വികസിക്കുന്ന നഗരമായ ലുസൈല്‍ സിറ്റിയില്‍ തരംഗമായി ട്രെന്‍ഡി റിക്ഷകള്‍. ലുസൈല്‍ സിറ്റിയിലെ ലോകോത്തര ഷോപ്പിംഗ് മോളായ പ്ലേസ് വെന്‍ഡോം, ലുസൈല്‍ മറീന , ഫുഡ് അരീന, കത്താര ടവറുകള്‍ എന്നിവയ്ക്കിടയിലൂടെ ആളുകളെ കൊണ്ടുപോകുന്നതിന് ട്രെന്‍ഡി റിക്ഷകള്‍ (ത്രീ-വീലറുകള്‍) ലുസൈല്‍ സിറ്റിയിലെ ഏറ്റവും പുതിയ ജനപ്രിയ ഗതാഗത മാര്‍ഗ്ഗമായി മാറിയിരിക്കുന്നു.
ലുസൈലിലെ പ്രധാനപ്പെട്ട മൂന്ന് ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയില്‍ ജൂലൈ മുതല്‍ കുറഞ്ഞത് അഞ്ച് ഇലക്ട്രിക് റിക്ഷകളെങ്കിലും സര്‍വീസ് നടത്തുന്നുണ്ടെന്നും സാധാരണയായി ഐ ലവ് ലുസൈല്‍ പ്രതിമ, ഫുഡ് അരീന, പ്ലേസ് വെന്‍ഡോം എന്നിവിടങ്ങളില്‍ റിക്ഷകള്‍ നിര്‍ത്തിയിടുന്നത് കാണാമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ദിവസവും വൈകുന്നേരം 7 മണിമുതല്‍ പുലര്‍ച്ചെ 3 മണിവരെയാണ് റിക്ഷ സേവനം ലഭിക്കുക. റിക്ഷാ സവാരികളുടെ ആവശ്യം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും കുട്ടികളും കുടുംബങ്ങളുമൊക്കെ കൂടുതലായി വരുന്ന വാരാന്ത്യങ്ങളില്‍ ഡിമാന്‍ഡ് വളരെ കൂടുതലാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പെഡലിംഗ് വഴിയും മാനുവലായും പ്രവര്‍ത്തിപ്പിക്കാവുന്ന പരിസ്ഥിതി സൗഹൃദ ഇ-റിക്ഷകള്‍ മണിക്കൂറില്‍ 15 കിലോമീറ്റര്‍ മുതല്‍ 23 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഓടുക. ലുസൈല്‍ സിറ്റിയിലെ മൂന്ന് ജനപ്രിയ സൈറ്റുകള്‍ സൗകര്യപ്രദമായി പര്യവേക്ഷണം ചെയ്യാന്‍ സന്ദര്‍ശകര്‍ക്ക് അവ അവസരം നല്‍കുന്നു.
15-20 മിനിറ്റ് യാത്രയ്ക്ക് 60 റിയാലാണ് ചാര്‍ജ്. ഓരോ റിക്ഷയിലും ഡ്രൈവര്‍ കൂടാതെ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാം.