സ്റ്റോപ്പ്ഓവര്‍ പ്രോഗ്രാമില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് ഡിസ്‌കവര്‍ ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: സ്റ്റോപ്പ്ഓവര്‍ പ്രോഗ്രാമില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനിയും ഖത്തര്‍ ടൂറിസത്തിന്റെ പങ്കാളിയുമായ ഡിസ്‌കവര്‍ ഖത്തര്‍ രംഗത്ത് . സന്ദര്‍ശകര്‍ക്ക് ഖത്തറിനെ മികച്ച തിരഞ്ഞെടുപ്പായി സ്ഥാപിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗായി ആകര്‍ഷകമായ പരിപാടികളാണ് ഡിസ്‌കവര്‍ ഖത്തര്‍ ആസൂത്രണം ചെയ്യുന്നത്.
2022/2023 സാമ്പത്തിക വര്‍ഷത്തെ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് സ്റ്റോപ്പ്ഓവര്‍ പ്രോഗ്രാമിന്റെ ഗണ്യമായ വളര്‍ച്ചയെ എടുത്തുകാണിക്കുന്നു. 20,000-ത്തിലധികം സന്ദര്‍ശകര്‍ക്ക് ‘ലോകത്തിലെ ഏറ്റവും മികച്ച മൂല്യമുള്ള സ്റ്റോപ്പ്ഓവര്‍’ ഓഫര്‍ നല്‍കിയതായും യാത്രക്കാര്‍ക്ക് ആഡംബരപൂര്‍ണമായ 4 അല്ലെങ്കില്‍ 5-നക്ഷത്ര ഹോട്ടലുകളില്‍ നാല് രാത്രികള്‍ വരെ തങ്ങാന്‍ സൗകര്യമൊരുക്കിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഖത്തര്‍ ടൂറിസവും ഖത്തര്‍ എയര്‍വേയ്സും സഹകരിച്ച് സ്റ്റോപ്പ്ഓവര്‍ പ്രോഗ്രാം പ്രയോജനപ്പെടുത്തിയത് രാജ്യത്തെ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായ പശ്ചാത്തലത്തിലാണ് സ്റ്റോപ്പ്ഓവര്‍ പ്രോഗ്രാം വിപുലമാക്കുന്നതിന് ഡിസ്‌കവര്‍ ഖത്തര്‍ മുന്നോട്ടുവരുന്നത്.