
മയക്കുമരുന്നിനെതിരായ കേരള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹം : ക്യു.കെ.ഐ.സി
അമാനുല്ല വടക്കാങ്ങര
ദോഹ :കേരളത്തിന് വന്‍ ഭീഷണിയായി മാറുന്ന മയക്കു മരുന്നിനെതിരായ സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്നും സാമൂഹിക വിപത്തായ മയക്കുമരുന്നിനെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് തികച്ചും പ്രശംസനീയമാണെന്നും ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ഭാവി കേരളത്തെ അപകടപ്പെടുത്തുകയും സമൂഹത്തെ ക്രിമിനല്‍ വല്‍ക്കരിക്കുകയും ചെയ്യുന്ന ലഹരി വിശ്വാസികളെ സംബന്ധിച്ചടത്തോളം സ്വര്‍ഗ്ഗപ്രവേശം അസാധ്യമാക്കുന്ന ഒന്നാണ്. ഇത്തരം കേസുകളില്‍ അകപ്പെടുന്നവര്‍ക്കുള്ള ശിക്ഷ കഠിനമാക്കാനുള്ള തീരുമാനം ഇതിന്റെ വിപത്തും വ്യാപ്തിയും ഭരണകര്‍ത്താക്കള്‍ക്ക് ബോധ്യപ്പെട്ടതിന്റെ തെളിവാണ്. കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ച ബോധവത്കരണ ക്യാമ്പയിനിനു കൗണ്‍സില്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചു. എന്നാല്‍ ഇതിന്റെ തുടര്‍ച്ച എന്ന നിലയില്‍ മദ്യം അടക്കമുള്ള എല്ലാ ലഹരി വസ്തുക്കളുടെയും ലഭ്യതയും വിപണനവും നിയന്ത്രിക്കാനും സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാവണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തുള്ള ലഹരിയുടെ സുലഭമായ ലഭ്യത തടയാന്‍ രക്ഷിതാക്കളെയും നാട്ടുകാരെയും കൂടി ഉള്‍പ്പെടുത്തി കര്‍മ പദ്ധതി നടപ്പാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവണമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ , സലാഹുദ്ധീന്‍ സലാഹി , മുജീബ് റഹ്‌മാന്‍ മിശ്കാത്തി , സി പി സംശീര്‍, ഷഹാന്‍ വി കെ, അസ്ലം കാളികാവ്, ഉമര്‍ ഫൈസി എന്നിവര്‍ സംബന്ധിച്ചു.




