നൗ ഈസ് ആള്‍ സ്റ്റിക്കര്‍ കാമ്പയിന് മികച്ച പ്രതികരണം
അമാനുല്ല വടക്കാങ്ങര
ദോഹ : ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ നൗ ഈസ് ആള്‍ സ്റ്റിക്കര്‍ കാമ്പയിന് വമ്പിച്ച പ്രതികരണം. ലോകകപ്പിന് ആതിഥ്യമരുളാന്‍ ഖത്തറിതാ സജ്ജമായി കഴിഞ്ഞു എന്ന പ്രഖ്യാപനവുമായി സെപ്തംബര്‍ ഒന്നിനാണ് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മല്‍സരം പ്രഖ്യാപിച്ചത്.
നൗ ഈസ് ആള്‍ എന്ന സ്റ്റിക്കറുകള്‍ വാഹനങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയില്‍ പതിച്ച് ചിത്രമെടുത്ത് സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നവംബര്‍ 20 ന് അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഖത്തര്‍ ഇക്വഡോര്‍ മത്സരത്തിന്റെ 2 ടിക്കറ്റുകള്‍ സമ്മാനമായി ലഭിക്കും.
ഒട്ടിക്കുക, നേടുക എന്ന തലക്കെട്ടില്‍ നടക്കുന്ന മല്‍സരത്തില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് നിത്യവും പങ്കാളികളാവുന്നത്. സെപ്റ്റംബര്‍ 21 ദോഹ സമയം 11.45 വരെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള സമയപരിധി.22 ന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ പ്രഖ്യാപിക്കും. ഒരാള്‍ക്ക് ഒറ്റത്തവണ മാത്രമാണ് അവസരമുണ്ടാവുക. 13 വയസ്സ് മുതല്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സുപ്രീം കമ്മിറ്റിയി യിലെ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കാന്‍ പാടില്ല.
ദോഹ ഫെസ്റ്റിവല്‍ സിറ്റി, പ്ലേസ് വിന്‍ഡം മാള്‍ ലുസൈല്‍, ദി ഗേറ്റ് മാള്‍, എസ്ദാന്‍ മാള്‍ അല്‍ ഗറാഫ, ലഗൂണ മാള്‍, സിറ്റി സെന്റര്‍ ദോഹ, വില്ലാജിയോ മാള്‍ എന്നിവിടങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്കുകളില്‍ നിന്ന് ഞായര്‍ മുതല്‍ ബുധന്‍ വരെയും , വ്യാഴം , വെള്ളി , ശനി ദിവസങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട മാളുകളിലെ ഡിസ്ട്രിബ്യൂ ഷന്‍ ബൂത്തുകളില്‍ നിന്നോ പ്രമോട്ടര്‍മാരില്‍ നിന്നോ സ്റ്റിക്കറുകള്‍ ശേഖരിക്കാം.മാളിന്റെ പ്രവര്‍ത്തന സമയങ്ങളിലാണ് സ്റ്റിക്കറുകള്‍ ശേഖരിക്കാന്‍ കഴിയുക.സ്റ്റിക്കറുകള്‍ സ്വന്തം കാറിലോ വാഹനങ്ങളിലോ വസ്തുക്കളിലോ പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന വിധം ഒട്ടിക്കണം. കാറുകളും വസ്തുവകകളും പങ്കെടുക്കുന്നവരുടെയോ അല്ലെങ്കില്‍ കുടുംബാംഗങ്ങളുടേയോ പേരിലുള്ളതായിരിക്കണം.
സ്റ്റിക്കറുകള്‍ ഒട്ടിച്ചതിന്റെ ചിത്രങ്ങള്‍ @Roadto2022 എന്ന് ടാഗ് ചെയ്ത് സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യണം. – ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ NowisAll എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യേണ്ടത്.
വിജയികളെ അവര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത സമൂഹമാധ്യമ അക്കൗണ്ടിലൂടെ തന്നെ വിവരം അറിയിക്കും. അറിയിപ്പ് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക.
മല്‍സരം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ക്ക് https://www.qatar2022.qa/en/sticker-competition സന്ദര്‍ശിക്കാം.