ലോകകപ്പ് വേളയില്‍ മണിക്കൂറില്‍ 4,000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സജ്ജമായി അബൂ സംറ ബോര്‍ഡര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ആരാധകര്‍ക്ക് സുഗമമായ പ്രവേശന നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്നതിന്, അബു സംറ ബോര്‍ഡര്‍ ക്രോസിംഗിന്റെ ശേഷി മണിക്കൂറില്‍ 4,000 യാത്രക്കാരായി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
അബു സംറ ചെക്ക്‌പോസ്റ്റില്‍ 5,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള രണ്ട് പുതിയ കെട്ടിടങ്ങള്‍ കൂടി നിര്‍മിച്ചിട്ടുണ്ടെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിലെ ലാന്‍ഡ് കസ്റ്റംസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ യൂസഫ് അഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു. അല്‍ റയാന്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഗാ സ്പോര്‍ട്സ് ഇവന്റില്‍ റോഡ് മാര്‍ഗം ധാരാളം ആരാധകരെ പ്രതീക്ഷിച്ച്, ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അബൂ സംറ ചെക്ക്പോസ്റ്റ് സൗകര്യങ്ങള്‍ വിപുലീകരിക്കുകയും യാത്രക്കാരുടെ പ്രവേശന പ്രക്രിയ വേഗത്തിലാക്കാന്‍ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ കെട്ടിടത്തിലും പാസ്‌പോര്‍ട്ട് ഓഫീസിന് ആവശ്യമായ നടപടിക്രമങ്ങള്‍ക്കായി 22 കൗണ്ടറുകള്‍ ഉണ്ട്, കൂടാതെ കസ്റ്റംസ് പരിശോധനയ്ക്കും ആരാധകര്‍ക്കുള്ള എന്‍ട്രി പോയിന്റുകള്‍ക്കുമുള്ള സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ക്കും സൗകര്യമുണ്ട്. ” അല്‍ ഹമ്മദി പറഞ്ഞു. പാസ്‌പോര്‍ട്ട് ഓഫീസ്, കസ്റ്റംസ് പരിശോധന എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അല്‍ ഹമ്മദി പറയുന്നതനുസരിച്ച്, നിലവില്‍ ചെക്ക്പോസ്റ്റിന്റെ ശേഷി മണിക്കൂറില്‍ 2,000 ആരാധകരില്‍ എത്തിയിട്ടുണ്ട്.യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായാല്‍, ആവശ്യാനുസരണം രണ്ട് സൗകര്യങ്ങളും പ്രവേശനത്തിനോ പുറത്തുകടക്കാനോ ഒന്നാക്കി മാറ്റാമെന്ന് അദ്ദേഹം പറഞ്ഞു . അങ്ങനെ ഒരു സമയം മണിക്കൂറില്‍ 4,000 യാത്രക്കാരായി ശേഷി വര്‍ദ്ധിപ്പിക്കുന്നു.
ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ആസ്വദിക്കുന്നതിനോ വീടുകളിലേക്ക് മടങ്ങുന്നവരുടെയോ വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അബു സംറ ചെക്‌പോസ്റ്റില്‍ വാഹനങ്ങളില്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന നിലവിലുള്ള കൗണ്ടറുകളെ കുറിച്ച് സംസാരിച്ച അല്‍ ഹമ്മദി, ലോകകപ്പ് സമയത്ത് ഈ കൗണ്ടറുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.