ഇന്ത്യയില്‍ സാമൂഹികജനാധിപത്യം ശക്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ ഉണ്ടാവണം. ഹമീദ് വാണിയമ്പലം
അമാനുല്ല വടക്കാങ്ങര
ദോഹ : വെറുപ്പിന്റെയും വിദ്വേഷങ്ങളുടെയും ആശയങ്ങള്‍ പ്രചരിക്കുന്ന ഈ കാലത്ത് ഇന്ത്യയില്‍ സാമൂഹികജനാധിപത്യം ശക്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഫ്രറ്റേണല്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാരാളം വൈവിധ്യങ്ങളുണ്ടായിട്ടും ഇന്ത്യയ്ക്ക് പുരോഗതി കൈവരിക്കാനായത് ഒരു മഴവില്‍ സമൂഹമായി ഇന്ത്യന്‍ സമൂഹം നില കൊണ്ടതിനാലാണ്. വെറുപ്പിന്റെയും വിദ്വേഷങ്ങളുടെയും ആശയങ്ങള്‍ പ്രചരിക്കുന്ന ഈ കാലത്ത് ജനാധിപത്യ രീതിയിലുള്ള പ്രതിരോധത്തിന്റെതായ വഴികള്‍ അന്വേഷിക്കുകയും കൈമാറുകയും ചെയ്യണം.മൂലധനശക്തികള്‍ പ്രായോജകരായ രാഷ്ട്രീയ ജനാധിപത്യം ശക്തിപ്പെട്ട് വരുന്നത് ജനാധിപത്യത്തിന്റെ ആത്മാവിനെ കെടുത്തിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
വംശീയ രാഷ്ട്രീയത്തിന് വേരൂന്നി നില്‍ക്കാന്‍ കഴിയുന്ന സാമൂഹിക ഘടനയാണ് രാജ്യത്തുള്ളെന്നതിനാല്‍ കേവലം തെരഞ്ഞെടൂപ്പ് പ്രക്രിയയിലൂടെ മാത്രം രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന വെറുപ്പിന്റെയും വിദ്വേശങ്ങളുടെയും ആശയങ്ങളെ പരാജയപ്പെടുത്താനാകില്ല. താന്‍ അനുഭവിച്ചവരില്‍ നിന്നോ ചുറ്റുമുള്ളവരില്‍ നിന്നോ അല്ല ബോധ്യങ്ങള്‍ രൂപപ്പെടുന്നത്. വെറുപ്പിന്റെ രാഷ്ട്രീയക്കാര്‍ നിര്‍മ്മിച്ച നുണകള്‍ ഉപബോധമനസ്സിനോട് സംവദിച്ച് അവരുടെ നിരന്തര പ്രചരണം കൊണ്ട് അയുക്തിയില്‍ അവ സ്ഥാപിക്കപ്പെട്ട് പൊതുബോധമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് അദ്ധ്യക്ഷത വഹിച്ചു. ഷൈനി കബീര്‍, ഷാജി ഫ്രാന്‍സിസ്, കബീര്‍ ടി.എം, അഷ്റഫ് ജമാല്‍, സുനില്‍ പെരുമ്പാവൂര്‍, അനീസ്, ഷകീബ് തിരുവനന്തപുരം കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് റാഫി സ്വാഗതവും കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന്‍ നന്ദിയും പറഞ്ഞു.