ഫിഫ 2022 ലോകകപ്പ് ഖത്തറിനെത്തുന്നവരോട് കോവിഡ് വാക്‌സിനും ഫ്‌ളൂ വാക്‌സിനുമെടുക്കാന്‍ ശുപാര്‍ശ ചെയ്ത് പൊതുജനാരോഗ്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിനെത്തുന്നവരെ കോവിഡ് വാക്‌സിനും ഫ്‌ളൂ വാക്‌സിനുമെടുക്കാന്‍ ശുപാര്‍ശ ചെയ്ത് പൊതുജനാരോഗ്യ മന്ത്രാലയം . തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ ഓരോരുത്തരും തങ്ങളുടെ വാക്‌സിനേഷന്‍ സാധുവാണെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. പല വാക്‌സിനുകള്‍ക്കും 6 മാസം മുതല്‍ 1 വര്‍ഷം വരെയാണ് സാധുതയുള്ളത്.
ടൂര്‍ണമെന്റിനിടയില്‍ ആഹ്ലാദകരമായ താമസം ഉറപ്പാക്കാനും ടൂര്‍ണമെന്റ് പൂര്‍ണമായും ആസ്വദിക്കുവാനും വാക്‌സിനേഷന്‍ സഹായകമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നിരീക്ഷിച്ചു.
മന്ത്രാലയം വെബ്സൈറ്റില്‍ പുതിയ ‘ഫാന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍’ പേജിന്റെ പ്രീ-ട്രാവല്‍ അഡ്വൈസ് വിഭാഗത്തിലാണ് മന്ത്രാലയം ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചത്. ലോകകപ്പിനായി ”ഖത്തറിലേക്ക് വരുന്ന എല്ലാ സന്ദര്‍ശകരും എത്തിച്ചേരുന്നതിന് മുമ്പ് അവര്‍ക്ക് യോഗ്യതയുള്ള എല്ലാ ബൂസ്റ്ററുകളും ഉള്‍പ്പെടെ കോവിഡ് 19 നെതിരെ പൂര്‍ണ്ണമായി വാക്‌സിനേഷനും സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷനും എടുക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നുവെന്നാണ് മന്ത്രാലയം വെബ്‌സൈറ്റ്് പറയുന്നത്.
മന്ത്രാലയത്തിന്റെ കൊവിഡ്-19 വെബ്സൈറ്റ് സന്ദര്‍ശിച്ച്, ഖത്തറിലെ കോവിഡ്-19-നെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, കോവിഡ്-19 യാത്രാ നയം ഉള്‍പ്പെടെ, സന്ദര്‍ശകരോട് അപ്ഡേറ്റ് ചെയ്യാന്‍ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നു.
മന്ത്രാലയത്തിന്റെ ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 ഫാന്‍ ഇന്‍ഫര്‍മേഷന്‍ പേജ് വിദേശത്ത് നിന്ന് ഖത്തറിലേക്ക് വരുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആരോഗ്യപരമായ നിരവധി വിവരങ്ങള്‍ നല്‍കുന്നു.
സന്ദര്‍ശകര്‍ ഖത്തറിലേക്ക് യാത്ര തിരിക്കുന്നതിന് 6 ആഴ്ചയ്ക്കുള്ളില്‍ ഒരു മെഡിക്കല്‍ പ്രൊഫഷണലുമായി ദന്ത പരിശോധനയടക്കം റുട്ടീന്‍ ആരോഗ്യ പരിശോധന നടത്തണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.’ഇത് അടിസ്ഥാനപരമായ ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ തിരിച്ചറിയാനും ആവശ്യമായ പരിഹാരം കാണാനും സഹായകമാകും.
എല്ലാ സന്ദര്‍ശകരും അവരുടെ രക്തഗ്രൂപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നതാണ് മന്ത്രാലയംം നല്‍കുന്ന മറ്റൊരു നിര്‍ദേശം.
സ്ഥിരമായി മരുന്ന് കഴിക്കുന്ന സന്ദര്‍ശകര്‍ക്ക് ഖത്തറിലെ ഫാര്‍മസികളില്‍ നിന്നും മരുന്നുകള്‍ വാങ്ങാമെങ്കിലും
അവരുടെ താമസ കാലയളവിലേക്കാവശ്യമായ മരുന്നുകളും കുറിപ്പടികളും കൂടെ കരുതുന്നതാകും നല്ലത്. അതുപോലെ തന്നെ കണ്ണട ധരിക്കുന്ന സന്ദര്‍ശകര്‍ ഒരു ജോഡി നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ബുദ്ധിമുട്ടാതിരിക്കാന്‍
കുറഞ്ഞത് രണ്ട് ജോഡി ഗ്ലാസുകളെങ്കിലും കൊണ്ടുവരാന്‍ മന്ത്രാലയം ഉപദേശിക്കുന്നു.