തുടര്‍ച്ചയായി ലോക റാങ്കിംഗ് മെച്ചപ്പെടുത്തി ഖത്തര്‍ യൂണിവേര്‍സിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: ഗുണനിലവാരമുളള വിദ്യാഭ്യാസ സംവിധാനങ്ങളും വിശാലമായ കാഴ്ചപ്പാടുള്ള ഭരണ നേതൃത്വവും ഖത്തറിന്റെ അഭിമാനമായ ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ സമഗ്ര വികസനത്തിനും പുരോഗതിക്കും കാരണമാകുന്നു. തുടര്‍ച്ചയായി ലോക റാങ്കിംഗ് മെച്ചപ്പെടുത്തി ഖത്തര്‍ യൂണിവേര്‍സിറ്റി അതിന്റെ ജൈത്രയാത്ര തുടരുകയാണ് .
2022-ലെ ആഗോള സ്വാധീനം കാരണം ഖത്തര്‍ സര്‍വകലാശാല ഖ്വാക്കറേലി സൈമണ്ട്‌സ് (ക്യൂ എസ് ) അവാര്‍ഡ് ഉള്‍പ്പടെ എണ്ണമറ്റ നേട്ടങ്ങള്‍ കൈവരിക്കുകയും ആഗോള സര്‍വകലാശാലകളുടെ റാങ്കിംഗില്‍ ശ്രദ്ധേയമായ ഫലങ്ങള്‍ കൈവരിക്കുകയും ചെയ്തു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥി അനുപാതം, അന്താരാഷ്ട്ര ഫാക്കല്‍റ്റി അനുപാതം, അന്തര്‍ദേശീയ ഗവേഷണ ശൃംഖല എന്നിവയുടെ ശരാശരിയില്‍ ‘അന്താരാഷ്ട്രവല്‍ക്കരണ’ത്തിനുള്ള സ്‌കോറിനെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്.
ക്യൂ എസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗുകളുടെ ഏറ്റവും പുതിയ പതിപ്പില്‍ ഖത്തര്‍ യൂണിവേര്‍സിറ്റി മുന്‍ വര്‍ഷത്തേക്കാള്‍ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 208 ാം റാങ്ക് നേടി. കൂടാതെ, മൊത്തത്തിലുള്ള ദി വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് അനുസരിച്ച്, തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഇന്റര്‍നാഷണല്‍ ഔട്ട്ലുക്ക് ഇന്‍ഡിക്കേറ്ററിലെ മികച്ച ആറ് സര്‍വ്വകലാശാലകളില്‍ ഖത്തര്‍ യൂണിവേര്‍സിറ്റി സ്ഥാനം നിലനിര്‍ത്തുന്നു. യു മള്‍ട്ടിറാങ്കിന്റെ ആഗോളതലത്തില്‍ മികച്ച 25 പ്രകടനം നടത്തുന്നവരിലും ഖത്തര്‍ യൂണിവേര്‍സിറ്റിയുണ്ട്.
ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ അറബ് യൂണിവേഴ്സിറ്റി റാങ്കിംഗിലും ക്യുഎസ് അറബ് റീജിയന്‍ യൂണിവേഴ്സിറ്റി റാങ്കിംഗിലും ഖത്തര്‍ യൂണിവേര്‍സിറ്റിക്ക് രണ്ടാം സ്ഥാനമുണ്ട്. ഷാങ്ഹായി റാങ്കിംഗ് കണ്‍സള്‍ട്ടന്‍സിയുടെ 2022 ലെ ലോക സര്‍വകലാശാലകളുടെ അക്കാദമിക് റാങ്കിംഗ് പ്രകാരം ആഗോളതലത്തില്‍ മികച്ച 600 സര്‍വ്വകലാശാലകളിലും ഖത്തര്‍ യൂണിവേര്‍സിറ്റി സ്ഥാനം പിടിച്ചിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 28,000 വിദ്യാര്‍ത്ഥികളാണ് ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ പഠനം നടത്തുന്നത്.