ഓര്‍മകളില്‍ കെ ജി സത്താര്‍ സെപ്റ്റംബര്‍ 29 ന്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഗുല്‍മുഹമ്മദ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 29 വ്യാഴാഴ്ച വൈകുന്നേരം 6-30 ന് ഐ.സി.സി. അശോക ഹാളില്‍ ‘ഓര്‍മകളില്‍ കെ ജി സത്താര്‍’ എന്ന സംഗീത പരിപാടി നടത്തുമെന്ന് സംഘടകര്‍ വര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലയാളത്തില്‍ ആദ്യമായി ഗ്രാമഫോണില്‍ ആലേഖനം ചെയ്യപ്പെട്ട ശബ്ദത്തിനുടമയാണ്
കെ. ഗുല്‍മുഹമ്മദ് ബാവ . അദ്ദേഹത്തിന്റെ മകനാണ് കെജി സത്താര്‍ .ഫൗണ്ടേഷന്റെ ഖത്തറിലെ പ്രഥമ പരിപാടിയാണ് ഇതെന്ന് സംഘടകര്‍ പറഞ്ഞു .
അറുപതുകളിലും എഴുപതുകളിലും ഗ്രാമഫോണിലും ആകാശ വാണിയിലും വേദികളിലുമൊക്കെ ജനകീയമായ ഒരു നാമമായിരുന്നു കെജി സത്താര്‍. 600 ലേറെ ഗാനങ്ങള്‍ എഴുതിയും ചിട്ടപ്പെടുത്തിയും ആലപിച്ചും ശ്രദ്ധേയനായ കെ.ജി. സത്താറിനെ കുറിച്ച് പാടിയും പറഞ്ഞും ദൃശ്യ ആവിഷ്‌കാരങ്ങള്‍ ഒരുക്കിയും ആ പ്രതിഭയുടെ സംഗീത ജീവിതത്തിലൂടെയുള്ള യാത്രയാണ് ‘ഓര്‍മകളില്‍ കെജി സത്താര്‍’.
സാമൂഹിക നന്മയെ മുന്‍നിര്‍ത്തിയും, മനുഷ്യ ജീവിതത്തെ പച്ചയായി വരച്ചു കാണിച്ചും, അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും മാമൂലുകള്‍ക്കുമെതിരെ പ്രതികരിച്ചും , വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൊണ്ട് മാപ്പിളപ്പാട്ടിനെ സമ്പന്നമാക്കിയവരില്‍ ഏറെ മുന്നിലാണ് കെജി സത്താര്‍. ആവര്‍ത്തിച്ചു പാടുന്ന പാട്ടുകള്‍ അദ്ദേഹത്തിന്റെതായി നിരവധി ഉണ്ടെങ്കിലും പുതിയ തലമുറയ്ക്ക് ആ പേര് പരിചിതമല്ലെന്നതും ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നതിന് പ്രേരകമായിട്ടുണ്ടെന്ന് സംഘാടകര്‍ വിശദീകരിച്ചു.
ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ദോഹയിലെ പ്രശസ്ത ഗായിക ഗായകന്‍മാരും മറ്റു കലാകാരന്മാരും പ്രോഗ്രാമില്‍ അണിനിരക്കും. ദോഹയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രോഗ്രാം ആസ്വാദകര്‍ക്ക് കെജി സത്താര്‍ എന്ന പ്രതിഭയുടെ സംഗീത ജീവിതത്തെ കുറിച്ചുള്ള മായാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
വാര്‍ത്താ സമ്മേളനത്തില്‍ യൂസഫ് പി ഹമീദ് ( ഇസ്ലാമിക് എക്‌സ്‌ചേഞ്ച് ), ഷാനിബ് ശംസുദ്ധീന്‍ (സിറ്റി എക്‌സ്‌ചേഞ്ച് ), പ്രോഗ്രാം കമ്മറ്റി ചെയര്‍മാനും ഗുള്‍ മുഹമ്മദ് ഫൌണ്ടേഷന്‍ ചെയര്‍മാനുമായ കെ ജി റഷീദ്, നൗഫല്‍ അബ്ദുറഹിമാന്‍ (റേഡിയോ മലയാളം), പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അന്‍വര്‍ ബാബു, ഷോ ഡയരക്ടര്‍ ഫൈസല്‍ അരിക്കാട്ടയില്‍, ക്രിയേറ്റീവ് കൊ ഓര്‍ഡിനേറ്റര്‍ സഫീര്‍ വാടാനപ്പള്ളി, ആര്‍ട്ട് ആന്‍ഡ് ക്രിയേറ്റീവ് ഡയരക്ടര്‍ ഫര്‍ഹാസ്, പ്രോഗ്രാം ചീഫ് കണ്‍ട്രോളര്‍ മുസ്തഫ എം വി, ഗായകന്‍ ആഷിഖ് മാഹി, നൗഷാദ് മതയോത്, സലീം ബി ടി കെ, എന്നിവര്‍ പങ്കെടുത്തു.
ഫൈസല്‍ മൂസ്സ സ്വാഗതവും രതീഷ് മാത്രാടന്‍ നന്ദിയും പറഞ്ഞു.