ദോഹയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ വെഹിക്കിള്‍ പ്ലേറ്റ് മാനേജ്‌മെന്റ് പ്ലാനുമായി അധികൃതര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ വെഹിക്കിള്‍ പ്ലേറ്റ് മാനേജ്‌മെന്റ് പ്ലാനുമായി അധികൃതര്‍ . സെന്‍ട്രല്‍ ദോഹയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ വെഹിക്കിള്‍ പ്ലേറ്റ് മാനേജ്മെന്റ് പ്ലാന്‍ നടപ്പാക്കുമെന്ന് കോര്‍ണിഷ് സ്ട്രീറ്റ് ക്ലോഷര്‍ ഇംപ്ലിമെന്റേഷന്‍ പ്ലാന്‍ കമ്മിറ്റി പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ 30 മുതല്‍ എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 വരെ നടപ്പിലാക്കുന്ന പദ്ധതിയനുസരിച്ച് , ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് നമ്പര്‍ പ്ലേറ്റുകളും കറുത്ത പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് നമ്പര്‍ പ്ലേറ്റുകളുമുള്ള വാഹനങ്ങള്‍ സെന്‍ട്രല്‍ ദോഹയില്‍ നിന്ന് വഴിതിരിച്ചുവിടും.
വടക്ക് അല്‍ ഖഫ്ജി സ്ട്രീറ്റ്, പടിഞ്ഞാറ് നിന്നും തെക്ക് നിന്നും സി-റിങ് റോഡ്, കിഴക്ക് കോര്‍ണിഷ് സ്ട്രീറ്റ് എന്നീ ഏരിയകളാണ് പ്ലാന്‍ പരിധിയില്‍ വരിക.
ഫിഫ 2022 ലോകകപ്പ് ന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതിനോടനുബന്ധിച്ച് നവംബര്‍ 1 മുതല്‍ പ്ലാന്‍ എല്ലാ ദിവസവും പൂര്‍ണമായി പ്രാബല്യത്തില്‍ വരും.
ഒരു വാഹനം മാത്രമുള്ള ആളുകള്‍ (ഒരു പൊതു ട്രാന്‍സ്‌പോര്‍ട്ട് നമ്പര്‍ പ്ലേറ്റ് അല്ലെങ്കില്‍ ഒരു സ്വകാര്യ ബ്ലാക്ക് നമ്പര്‍ പ്ലേറ്റ് ഉള്ളത്), അതുപോലെ മൊവാസലാത്ത്, ഖത്തര്‍ റെയില്‍ പൊതുഗതാഗത വാഹനങ്ങള്‍, എമര്‍ജന്‍സി വാഹനങ്ങള്‍ എന്നിവയെ പ്ലാനില്‍ നിന്ന് ഒഴിവാക്കും. അവര്‍ക്ക് ഈ റോഡുകളിലേക്ക് പ്രവേശിക്കാം.
പദ്ധതിയുടെ നിര്‍വഹണ കാലയളവില്‍ സെന്‍ട്രല്‍ ദോഹയിലേക്ക് പ്രവേശിക്കുന്നതും ഇളവ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ എല്ലാ വാഹനങ്ങള്‍ക്കും ആര്‍ട്ടിക്കിള്‍ 49 അടിസ്ഥാനമാക്കി ബന്ധപ്പെട്ട അധികാരികള്‍ പിഴ ചുമത്തുമെന്ന് കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ കാലത്ത് ട്രാഫിക് കുറയ്ക്കുന്നതിനും രാജ്യത്തുടനീളമുള്ള സുഗമമായ ഗതാഗത പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള യാത്രാ ഡിമാന്‍ഡ് മാനേജ്മെന്റ് നടപടികളുടെ ഭാഗമാണ് വെഹിക്കിള്‍ പ്ലേറ്റ് മാനേജ്മെന്റ് പ്ലാന്‍.
രാജ്യത്തുടനീളമുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതില്‍ അതിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി സെപ്തംബര്‍ 9 ന് നടന്ന ലുസൈല്‍ സൂപ്പര്‍ കപ്പില്‍ ഇത് വിജയകരമായി പരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഫിഫ ലോകകപ്പില്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു.