കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഖത്തര്‍ സംസ്‌കൃതി അനുശോചനം
അമാനുല്ല വടക്കാങ്ങര
ദോഹ. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഖത്തര്‍ സംസ്‌കൃതി അനുശോചനം. പാര്‍ട്ടിക്കും, ബന്ധുക്കള്‍ക്കും , കേരള പൊതു സമൂഹത്തിന് ആകെയും ഉണ്ടായ ദുഃഖത്തില്‍ സംസ്‌കൃതിയും പങ്ക് ചേരുന്നതായി സംസ്‌കൃതി പത്രക്കുറിപ്പില്‍ അറിയിച്ചു.
സിപിഐഎം പോളറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വൈകുന്നേരമാണ് അന്തരിച്ചത്. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകനായി തുടങ്ങി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം, കേരള സംസ്ഥാന സെക്രട്ടറി, സംസ്ഥാന ആഭ്യന്തര മന്ത്രി, ജനപ്രതിനിധി തുടങ്ങി പൊതുപ്രവര്‍ത്തനത്തിന്റ വ്യത്യസ്ത മേഖലകളില്‍ വ്യക്തമുദ്ര പതിപ്പിച്ച സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായിരുന്നിട്ടും, അനാരോഗ്യം വകവെക്കാതെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന സഖാവ് പാര്‍ട്ടി സെക്രട്ടറി ചുമതലകള്‍ ഒഴിഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് കഴിഞ്ഞ മാസം ആയിരുന്നു. പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത വിയോഗം ഉണ്ടായത്.
തലശ്ശേരി നിയസഭാ മണ്ഡലത്തില്‍ നിന്നും നാല് തവണ എം എല്‍ എ , വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സഖാവ്, പ്രതിസന്ധി ഘട്ടത്തില്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ടു നയിച്ച നേതാവ്, എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട പൊതു പ്രവര്‍ത്തകന്‍ എന്നിങ്ങനെ എല്ലാ നിലയിലും ശോഭിച്ച സഖാവിന്റെ വിയോഗം പാര്‍ട്ടിക്കും, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും, കേരളത്തിനും ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണ്.
ഖത്തര്‍ സംസ്‌കൃതിയുമായി ഏറെ അടുപ്പം സൂക്ഷിച്ച വ്യക്തി കൂടിയായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണന്‍. 2015ല്‍ സംസ്‌കൃതി വേദിയില്‍ അദ്ദേഹം സംസാരിച്ചിരുന്നു.