ഖത്തറില്‍ നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കും, ലയണല്‍ മെസ്സി
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് ലയണല്‍ മെസ്സി സ്ഥിരീകരിച്ചു. സ്റ്റാര്‍ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം പറഞ്ഞത്.
ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഞങ്ങള്‍ എത്ര പ്രിയപ്പെട്ടവരാണ് എന്ന് എനിക്കറിയില്ല, എന്നാല്‍ അര്‍ജന്റീന അതിന്റെ ചരിത്രം കാരണം ലോകകപ്പ് വിജയസാധ്യത കല്‍പിക്കപ്പെടുന്ന ഒരു ടീമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്നാല്‍ ഒരു ലോകകപ്പില്‍ എന്തും സംഭവിക്കാം, എല്ലാ മത്സരങ്ങളും വളരെ ബുദ്ധിമുട്ടാണ്, എല്ലായ്പ്പോഴും വിജയിക്കുന്നത് പ്രിയപ്പെട്ട ടീമുകളല്ല, മെസ്സി പറഞ്ഞു.
35 കാരനായ അര്‍ജന്റീന താരം ഇത് അഞ്ചാം തവണയാണ് ലോകകപ്പില്‍ കളിക്കാനൊരുങ്ങുന്നത്. ഖത്തര്‍ ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്ന് വിരമിക്കുമോ എന്ന് മെസ്സി വ്യക്തമാക്കിയിട്ടില്ല.
നവംബര്‍ 22 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മല്‍സരം. ഫിഫ 2022 ലോകകപ്പിലെ ഏറ്റവും ആവേശകരമായ മല്‍സരങ്ങളിലൊന്നാകുമിതെന്നാണ് കായികലോകം വിലയിരുത്തുന്നത്. ടിക്കറ്റ് വില്‍പന ആരംഭിച്ചത് മുതല്‍ തന്നെ ഏറ്റവും ഡിമാന്റുള്ള മല്‍സരങ്ങളിലൊന്നായിരുന്നു ഇത്. ഈ മല്‍സരത്തിന്റെ ടിക്കറ്റുകള്‍ വളരെ മുമ്പ് തന്നെ ഏറെക്കുറേ വിറ്റഴിഞഞ്ഞിരുന്നു.
1978ലും 1986ലും ലോകകപ്പ് നേടിയ അര്‍ജന്റീന ഖത്തറില്‍ ചരിത്രം ആവര്‍ത്തിക്കുമോയെന്നറിയാനാണ് ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.