ഖത്തറില്‍ സിഗരറ്റുകളുടെയും മറ്റ് പുകയില ഉല്‍പന്നങ്ങളുടെയും ഇറക്കുമതിക്ക് ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പ് സംവിധാനം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്കുള്ള സിഗരറ്റുകളുടെയും മറ്റ് പുകയില ഉല്‍പന്നങ്ങളുടെയും ഇറക്കുമതിക്ക് ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പ് സംവിധാനം ആരംഭിച്ചതായി ജനറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു.
സാധുതയുള്ള ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകളില്ലാത്ത സിഗരറ്റുകളുടെ ഇറക്കുമതി ഒക്ടോബര്‍ 13 മുതല്‍ അനുവദനീയമല്ല. അതുപോലെ തന്നെ സാധുതയുള്ളതും ആക്ടിവേറ്റ് ചെയ്തതുമായ ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ ഇല്ലാത്ത മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നവംബര്‍ 3 മുതലാണ് വിലക്ക് .
2023 ജനുവരി 11 മുതല്‍ സാധുതയുള്ളതും ആക്ടിവേറ്റ് ചെയ്തതുമായ ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ ഇല്ലെങ്കില്‍ രാജ്യത്ത് എവിടെയും സിഗരറ്റുകള്‍ വില്‍ക്കുകയോ വിതരണം ചെയ്യുകയോ പാടില്ല.
2022 ജൂലായ് 14 മുതല്‍, എക്‌സൈസ് നികുതിയില്‍ രജിസ്റ്റര്‍ ചെയ്ത സിഗരറ്റ് ഇറക്കുമതിക്കാര്‍ക്ക് ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പ് സിസ്റ്റത്തില്‍ ഇലക്ട്രോണിക് ആയി ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ വാങ്ങുന്നതിനുള്ള അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കാനും ലഭിക്കുന്ന ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പ് ഇറക്കുമതി ചെയ്യുന്ന സിഗരറ്റ് പാക്കുകളില്‍ പതിക്കുവാനും കഴിയും.
അതുപോലെ തന്നെ ഓഗസ്റ്റ് 4 മുതല്‍, എക്‌സൈസ് നികുതിയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് പുകയില ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കാര്‍ക്ക് ഇറക്കുമതി ചെയ്യുന്ന പുകയില ഉല്‍പന്നങ്ങളില്‍ സ്ഥാപിക്കേണ്ട ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പ് സിസ്റ്റത്തില്‍ ഇലക്ട്രോണിക് രീതിയില്‍ ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ വാങ്ങുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്ന് ജിടിഎ അഭിപ്രായപ്പെട്ടു.
2023 ഫെബ്രുവരി 1 മുതല്‍ സാധുതയുള്ളതും ആക്ടിവേറ്റ് ചെയ്തതുമായ ടാക്‌സ് സ്റ്റാമ്പുകള്‍ ഇല്ലെങ്കില്‍ മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനോ വിതരണം ചെയ്യാനോ അനുവദിക്കില്ലെന്നും ജനറല്‍ ടാക്‌സ് അതോരിറ്റി വ്യക്തമാക്കി.