ഖത്തറില്‍ നവംബര്‍ 1 മുതല്‍ 70% കണ്‍സള്‍ട്ടേഷനുകളും ഓണ്‍ ലൈനിലേക്ക് മാറ്റും
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാലത്ത് ആരോഗ്യ സേവനങ്ങള്‍ നിയന്ത്രിക്കുന്നതിന്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുകയും നവംബര്‍ 1 മുതല്‍ 70% കണ്‍സള്‍ട്ടേഷനുകളും ഓണ്‍ ലൈനിലേക്ക് മാറ്റുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
‘ഫിഫ ലോകകപ്പ് 2022 കാരണം ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിന്, കോവിഡ് കാലത്ത് പരീക്ഷിച്ച് വിജയിച്ചപോലെ 70% വെര്‍ച്വലും 30% വരെ മുഖാമുഖ കണ്‍സള്‍ട്ടേഷനുകളുമാക്കി മാറ്റുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍
ഓപ്പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സംയ അബ്ദുള്ള പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും താമസക്കാര്‍ക്കും പൗരന്മാര്‍ക്കും ഒരുപോലെ സേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത ഉറപ്പാക്കുന്നതിനുമാണ് കണ്‍സള്‍ട്ടേഷനുകള്‍ ഓണ്‍ ലൈനിലേക്ക് മാറ്റുന്നതെന്ന് അവര്‍ പറഞ്ഞു. നവംബര്‍ 1 മുതല്‍ ഡിസംബര്‍ 22 വരെയായിരിക്കും ഈ രീതി നടപ്പാക്കുക.
ഫിസിഷ്യനുമായി മുഖാമുഖ കൂടിക്കാഴ്ച അത്യാവശ്യമല്ലെങ്കില്‍ പുതിയതും തുടര്‍ന്നുള്ളതുമായ എല്ലാ അപ്പോയിന്റ്മെന്റുകളും വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകളായി ബുക്ക് ചെയ്യും. മുന്‍കൂട്ടി ബുക്ക് ചെയ്ത എല്ലാ അപ്പോയിന്റ്മെന്റുകളും വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകളിലേക്ക് പരിവര്‍ത്തനം ചെയ്യുകയും രോഗികള്‍ക്ക് ഒരു അറിയിപ്പ് അയയ്ക്കുകയും ചെയ്യും. രോഗികള്‍ എല്ലാ മരുന്നും റീഫില്ലുകളും ഹോം ഡെലിവറിയും ഫോണ്‍ വഴി ബുക്ക് ചെയ്യണം. രോഗികള്‍ക്ക് ഇജാസ വഴി ഇലക്ട്രോണിക് സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അപ്പോയിന്റ്മെന്റുകള്‍ അഭ്യര്‍ത്ഥിക്കുക, ഹെല്‍ത്ത് കാര്‍ഡിന് അപേക്ഷിക്കുക, ആശ്രിതരെ ചേര്‍ക്കുക, ഫാമിലി ഫിസിഷ്യനെ മാറ്റുക, ഹെല്‍ത്ത് സെന്റര്‍ മാറ്റുക, ഹെല്‍ത്ത് കാര്‍ഡ് പുതുക്കുക തുടങ്ങിയ സേവനങ്ങള്‍ക്കായി നര്‍ആകും മൊബൈല്‍ ആപ്ലിക്കേഷനിലും പിഎച്ച്‌സിസി വെബ്സൈറ്റിലും ലഭ്യമായ ഇ-സേവനങ്ങള്‍ ഉപയോഗിക്കാന്‍ രോഗികളോട് അഭ്യര്‍ത്ഥിച്ചു. .
ഫാമിലി മെഡിസിന്‍, പീഡിയാട്രിക്, ഡെന്റല്‍ നടപടിക്രമങ്ങള്‍, ഇഎന്‍ടി, ഡെര്‍മറ്റോളജി, കാന്‍സര്‍ സ്‌ക്രീനിംഗ്, ഒഫ്താല്‍മോളജി എന്നിവയ്ക്ക് ഇന്‍-പേഴ്സണ്‍ എമര്‍ജന്‍സി, വാക്ക്-ഇന്‍ സേവനങ്ങളും ലഭ്യമാകും.
16000 എന്ന നമ്പറില്‍ കമ്മ്യൂണിറ്റി കോള്‍ സെന്റര്‍ വഴി രോഗികള്‍ക്ക് കണ്‍സള്‍ട്ടേഷനുകള്‍/അപ്പോയ്മെന്റുകള്‍ ബുക്ക് ചെയ്യുന്നത് തുടരാം. കോവിഡ്-19 അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് ഹോട്ട്ലൈന്‍ 40277077 എന്ന നമ്പറില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.