പാണ്ടകള്‍ ഖത്തറിലെത്തി, 21 ദിവസത്തെ ക്വാറന്റൈന്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിനുള്ള സമ്മാനമായി ചൈന നല്‍കിയ സുഹൈല്‍’, ‘തുറയ്യ’ എന്നീ രണ്ട് ഭീമന്‍ പാണ്ടകള്‍ ഇന്ന് രാവിലെ ഖത്തറിലെത്തി. പാണ്ടകളെ അല്‍ ഖോര്‍ പാര്‍ക്കിലെ പാണ്ട ഹൗസിലേക്ക് കൊണ്ടുപോയി.
ചൈനീസ് ഭാഷയില്‍ ‘ജിംഗ് ജിംഗ്’ എന്നും ‘സി ഹൈ’ എന്നും അറിയപ്പെടുന്ന ‘സുഹൈല്‍’, ‘തുറയ്യയ’ എന്നിവ മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പാണ്ടകളാണ്. പൊതുജനങ്ങള്‍ അവരെ കാണുന്നതിന് മുമ്പ് അവര്‍ 21 ദിവസത്തെ ക്വാറന്റൈനും വിധേയരാകും.
ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്റെ പുതിയ പ്രതീകമായി ഖത്തറിന് ചൈന സമ്മാനിച്ച ഭീമന്‍ പാണ്ടകളുടെ വരവിനും നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് അടയാളപ്പെടുത്തുന്നതിനുമായി അല്‍ ഖോറില്‍ ഒരു വരവേല്‍ക്കല്‍ ചടങ്ങ് നടന്നു. ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള പാണ്ടകള്‍ ഔദ്യോഗിക യാത്രയയപ്പ് കഴിഞ്ഞ് ഇന്നലെ രാത്രിയാണ് ബെയ്ജിംഗില്‍ നിന്ന് പുറപ്പെട്ടത്.
ഇന്നുരാവിലെ ഖത്തറില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ചൈനീസ് അംബാസഡര്‍ ഷൗ ജിയാന്‍, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖൂരി എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.
‘കഴിഞ്ഞ 3 വര്‍ഷമായി ഖത്തറിലെ എന്റെ ഏറ്റവും സന്തോഷകരമായ ദിവസമാണ് ഇന്ന്. ചൈനയില്‍ നിന്നുള്ള പ്രത്യേക സൗഹൃദ ദൂതന്മാരായ സുഹൈല്‍, തുറയ്യ എന്നിവരെ സ്വാഗതം ചെയ്യാന്‍ അല്‍ ഖോര്‍ പാര്‍ക്കില്‍ പുതുതായി പൂര്‍ത്തിയാക്കിയ മനോഹരമായ പാണ്ട ഹൗസില്‍ ഒത്തുകൂടുന്നതില്‍ സന്തോഷമുണ്ടെന്ന് വരവേല്‍പ് ചടങ്ങില്‍ സംസാരിച്ച ചൈനീസ് അംബാസഡര്‍ എച്ച്ഇ സോ ജിയാന്‍ പറഞ്ഞു.
ചൈന-ഖത്തര്‍ ബന്ധത്തിന്റെ മാത്രമല്ല ചൈന-അറബ് സൗഹൃദത്തിന്റെയും പുതിയ ഉയരം അടയാളപ്പെടുത്തുന്ന ഈ
നടപടി മിഡില്‍ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യത്തേത് കൂടിയാണ് ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.