ഹയ്യാ കാര്‍ഡില്‍ ഖത്തറിലേക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ടത്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിനായി ഫുട്‌ബോള്‍ ആരാധകര്‍ ദോഹയിലേക്കൊഴുകുവാന്‍ തയ്യാറായിക്കൊണ്ടിരിക്കെ ഹയ്യാ കാര്‍ഡില്‍ ഖത്തറിലേക്ക് വരുന്നവര്‍ ആരോഗ്യ ഇന്‍ഷ്യൂറന്‍സ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് , 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് , റിട്ടേണ്‍ ടിക്കറ്റ് എന്നിവ ശ്രദ്ധിക്കണം. അംഗീകൃത താമസ രേഖകള്‍ സമര്‍പ്പിച്ചെങ്കിലേ ഹയ്യ കാര്‍ഡ് ലഭിക്കുകയുള്ളൂ.
ഇതില്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സും വാക്‌സിനേഷന്‍ കാര്‍ഡും നിര്‍ബന്ധമല്ലെങ്കിലും ഹൈലി റകമണ്ടഡ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
പല രാജ്യങ്ങളില്‍ നിന്നും സുഗമമായ യാത്രക്ക് ഇവ രണ്ടും ഏറെ അഭികാമ്യമാണെന്ന് ട്രാവല്‍ വൃത്തങ്ങളും സ്ഥിരീകരിച്ചു.
ഫിഫ 2022 ലോകകപ്പിന്റെ അക്കമഡേഷന്‍ പ്‌ളാറ്റ്‌ഫോമിലൂടേയും മറ്റു അംഗീകൃത സൈറ്റുകളിലൂടേയും അക്കമഡേഷന്‍ ബുക്ക് ചെയ്യാം. അതുപോലെ തന്നെ സ്വന്തം പേരില്‍ വാടകകരാറുകളുള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പത്തുപേര്‍ക്കു വരെ ആതിഥ്യമരുളാം.
എന്നാല്‍ വ്യാജ താമസ ബുക്കിംഗുകള്‍ നടത്തുന്നവര്‍ക്ക് ഹയ്യാ കാര്‍ഡ് ലഭിച്ചാലും അവ അസാധുവാക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മുന്നറിയിപ്പ് നല്‍കി. താമസം അംഗീകൃത ചാനലുകളിലൂടെ മാത്രമേ ബുക്ക് ചെയ്യാവൂ.