ഫിഫ ലോകകപ്പിനായി വിവരസാങ്കേതികവിദ്യയുടെ ഉയര്‍ന്ന സംവിധാനങ്ങളൊരുക്കി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിനായി ഖത്തര്‍ വിവരസാങ്കേതികവിദ്യയുടെ ഉയര്‍ന്ന സംവിധാനങ്ങളൊരുക്കിയതായി ഫിഫ വേള്‍ഡ് കപ്പ് 2022 ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കോളിന്‍ സ്മിത്ത് അഭിപ്രായപ്പെട്ടു. 5 ജി സൗങ്കേതിക വിദ്യയും ശക്തമായ നെറ്റ് വര്‍ക്കും നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ടൂര്‍ണമെന്റ് എക്കാലത്തെയും മികച്ചതാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സാങ്കേതിക തികവുള്ള ലോകകപ്പിനാണ് ഖത്തര്‍ ആതിഥ്യമരുളുക.
സ്റ്റേഡിയങ്ങളും ഗതാഗതവും മറ്റ് നിരവധി സൗകര്യങ്ങളും ഉള്‍പ്പെടെ നൂതന സാങ്കേതിക വിദ്യകള്‍ ഖത്തര്‍ ലോകകപ്പ് അടിസ്ഥാന സൗകര്യങ്ങളിലുടനീളം നടപ്പാക്കിയിട്ടുണ്ട്. നൂതന കൂളിംഗ് ടെക്നോളജി, എല്ലാ ആരാധകരെയും ഉള്‍പ്പെടുത്തുന്നതിനുള്ള നൂതനമായ പ്രവേശനക്ഷമത സേവനങ്ങള്‍, ഡിജിറ്റല്‍ ഉള്ളടക്കം, പിന്‍വലിക്കാവുന്ന മേല്‍ക്കൂരകള്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജം മുതലായവ ഖത്തര്‍ ലോകകപ്പിന്റെ എടുത്തു പറയേണ്ട സവിശേഷതകളില്‍പെട്ടതാണ് . ഖത്തര്‍ 2022 ടൂര്‍ണമെന്റിന്റെ ഒതുക്കമുള്ള സ്വഭാവവും രൂപകല്‍പ്പനയിലും കെട്ടിടത്തിലും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയും ഫിഫ 2022 വിനെ ഏറ്റവും സുസ്ഥിരമായ ടൂര്‍ണമെന്റാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
”ഓരോ ലോകകപ്പും അതുല്യമാണ്. എന്നാല്‍ ഖത്തര്‍ ഇവിടെ ഒരുക്കിയിരിക്കുന്നത് അവിശ്വസനീയമാണ്. അടിസ്ഥാന സൗകര്യങ്ങള്‍, അനുഭവപരിചയം, വസ്ത്രധാരണം തുടങ്ങി ഖത്തര്‍ ലോകത്തിന് സ്വാഗതമരുളുന്നത് തന്നെ ഏറെ സവിശേഷമായ രീതിയിലാണ് .
കെട്ടിപ്പടുക്കാനും വികസിപ്പിക്കാനും ആഗ്രഹിക്കുന്ന ആതിഥേയ രാജ്യങ്ങളെയാണ് ഫിഫ തിരയുന്നത്. ഖത്തര്‍ ഈ രംഗത്ത് മാതൃകയാണ് ഖത്തര്‍ ലോകകപ്പ് എക്കാലത്തെയും മികച്ച ലോകകപ്പായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു, അത് സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.