‘ഗോള്‍ 22’ പുതിയ കായിക സാംസ്‌കാരിക വിനിമയ പരിപാടിയുമായി ജനറേഷന്‍ അമേസിംഗ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 ലെഗസി സംരംഭമായ ജനറേഷന്‍ അമേസിംഗ് ഫൗണ്ടേഷന്‍ ഗോള്‍ 22: ഫുട്‌ബോള്‍, സോഷ്യല്‍ ഇംപാക്റ്റ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി എന്ന പേരില്‍ ഒരു പുതിയ കായിക സാംസ്‌കാരിക വിനിമയ പരിപാടി പ്രഖ്യാപിച്ചു. ഇതിനകം പത്ത് ലക്ഷം ഗുണഭോക്താക്കളില്‍ എത്തിയ ജനകീയ സംരംഭമാണ് ജനറേഷന്‍ അമേസിംഗ് ഫൗണ്ടേഷന്‍ .
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമത്തിനിടെ ആരംഭിച്ചത് മുതല്‍, 35 രാജ്യങ്ങളില്‍ ഫുട്‌ബോള്‍ വികസന പദ്ധതികള്‍ക്ക് എന്ന ആശയം ജനറേഷന്‍ അമേസിംഗ് ഫൗണ്ടേഷന്‍ നടപ്പാക്കിയിട്ടുണ്ട്. 2019 മുതല്‍, വാര്‍ഷിക ജനറേഷന്‍ അമേസിംഗ് ഫെസ്റ്റിവലില്‍ ലോകമെമ്പാടുമുള്ള യുവാക്കളെ ഒന്നിപ്പിക്കാന്‍ സാധിച്ചതായി അധികൃതര്‍ അവകാശപ്പെട്ടു.
കായിക യുവജന മന്ത്രാലയം, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ മ്യൂസിയംസ്, ഫിഫ ഫൗണ്ടേഷന്‍ എന്നിവയുടെ തന്ത്രപരമായ പങ്കാളിത്തത്തോടെ നടത്തുന്ന ഗോള്‍ 22-ല്‍ ഖത്തര്‍ 2022-ല്‍ മത്സരിക്കുന്ന 32 രാജ്യങ്ങളില്‍ നിന്നുമുള്ള യുവജനങ്ങള്‍ പങ്കെടുക്കും.
യുനെസ്‌കോയും ഖത്തര്‍ എയര്‍വേയ്സ്, വിസിറ്റ് ഖത്തര്‍, ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ്, ഖത്തൈഫാന്‍ പ്രോജക്ടുകള്‍, ക്യുഎല്‍എം ഇന്‍ഷുറന്‍സ്, എസ്ഡിഐസ്പോര്‍ട്സ്, ഹബ്ലോട്ട് എന്നിവയാണ് സ്പോണ്‍സര്‍മാര്‍.
2019 മുതല്‍ ജനറേഷന്‍ അമേസിങ് ഫൗണ്ടേഷന്റെ തന്ത്രപ്രധാന പങ്കാളിയായതിലും ജനറേഷന്‍ അമേസിങ് യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിലും ഖത്തര്‍ ഫൗണ്ടേഷന് അവിശ്വസനീയമാംവിധം അഭിമാനമുണ്ടെന്ന് ക്യുഎഫ് വൈസ് ചെയര്‍പേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി പ്രസ്താവനയില്‍ പറഞ്ഞു.
”ഇപ്പോള്‍, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് തൊട്ടുമുമ്പ്, ഈ വര്‍ഷത്തെ ഇവന്റിലും അതിന്റെ തുടര്‍ന്നുള്ള പ്രോഗ്രാമായ ഗോള്‍ 22 ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെ ആഘോഷിക്കുന്നതിലും ഞങ്ങള്‍ സന്തുഷ്ടരാണ്. ഒരു ലോകകപ്പ് വേളയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ചലനാത്മകവും അതുല്യവുമായ വിദ്യാര്‍ത്ഥി പ്രോഗ്രാമുകളിലൊന്നില്‍ പരസ്പരം പഠിക്കാന്‍ ഖത്തറിലും പുറത്തുമുള്ള യുവാക്കള്‍ക്ക് അവസരം നല്‍കും.
”ജനറേഷന്‍ അമേസിങ് ഫൗണ്ടേഷന്റെ പുതിയ അധ്യായമാണ് ഗോള്‍ 22 പ്രതിനിധീകരിക്കുന്നത്. ഈ പൈതൃക പരിപാടി ഖത്തറിലും പുറത്തും ചെലുത്തുന്ന സ്വാധീനം വലിയ വിജയമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വര്‍ഷങ്ങളായി, ഫുട്‌ബോളിന്റെ ശക്തി ആഘോഷിക്കാന്‍ യുവാക്കളെ കൊണ്ടുവരാന്‍ പ്രധാന കായിക ഇനങ്ങളെ ഉപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് ജനറേഷന്‍ അമേസിംഗ് ഫെസ്റ്റിവലെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറലും ജനറേഷന്‍ അമേസിംഗ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഹസന്‍ അല്‍ തവാദി പറഞ്ഞു. ഈ വര്‍ഷത്തെ ഗോള്‍ 22 സമാരംഭം ഈ മേഖലയിലെ ആളുകളെ മാത്രമല്ല, 2022 ഫിഫ ലോകകപ്പ് ഖത്തറില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെയും ഒന്നിപ്പിക്കാന്‍ ലക്ഷ്യം വെക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.