ലോകകപ്പ് സമയത്ത് റൈഡ് ഷെയറിംഗ് ആപ്പുകളില്‍ ഡ്രൈവര്‍മാരായി സൈന്‍ അപ്പ് ചെയ്യാന്‍ താമസക്കാരെ അനുവദിച്ച് ഗതാഗത മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകകപ്പ് സമയത്ത് റൈഡ് ഷെയറിംഗ് ആപ്പുകളില്‍ ഡ്രൈവര്‍മാരായി സൈന്‍ അപ്പ് ചെയ്യാന്‍ താമസക്കാരെ അനുവദിച്ച്
ഗതാഗത മന്ത്രാലയം. ഫിഫ ലോകകപ്പ് വേളയില്‍ യാത്രക്കാരുടെ എണ്ണത്തിലെ കുതിച്ചുചാട്ടം നേരിടാനാണ് യൂബറിലും മറ്റ് റൈഡ് ഷെയറിംഗ് ആപ്പുകളിലും ഡ്രൈവ് ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ ഗതാഗത മന്ത്രാലയവും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും ലഘൂകരിച്ചത്.
ഡിസംബര്‍ 20 വരെ യുബറിലോ മറ്റ് റൈഡ് ഷെയറിംഗ് ആപ്പുകളിലോ സൈന്‍ അപ്പ് ചെയ്യുന്നതിന് മുമ്പ് ഖത്തര്‍ നിവാസികളെ ലിമോസിന്‍ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും അവരുടെ ഐഡന്റിറ്റി കാര്‍ഡില്‍ ജോലി ‘ഡ്രൈവര്‍’ ആയിരിക്കണം എന്നീ നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സ്ഥിരീകരിച്ചു.
ഇത് 21 വയസ്സിന് മുകളില്‍ പ്രായവും 2017-2022 മോജല്‍ വാഹനവും സാധുവായ ഖത്തര്‍ ഐഡിയും ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവര്‍ക്ക് വരുമാനം നേടാനുള്ള അവസരം സൃഷ്ടിക്കുന്നു.
‘ഖത്തറില്‍ താമസിക്കുന്ന വ്യക്തികള്‍ക്കും പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഇപ്പോള്‍ അവരുടെ സ്വകാര്യ കാറുകള്‍ ഉപയോഗിച്ച് ഡ്രൈവര്‍മാരായി യൂബര്‍ ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാമെന്നും, അടുത്ത രണ്ട് മാസത്തേക്ക് അവര്‍ക്ക് സൗകര്യപ്രദമായ വരുമാനം നേടാനുള്ള അവസരം നല്‍കാമെന്നും യുബര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഖത്തറിലെ ‘അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് നല്ല അനുഭവം പ്രമോട്ട് ചെയ്യാന്‍ സഹായിക്കുന്നതിന് ഗതാഗത മന്ത്രാലയവുമായും റൈഡ് ഷെയറിംഗ് വ്യവസായത്തിലെ സ്വകാര്യ മേഖലയിലെ കമ്പനികളുമായും പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഫിഫ 2022 ലോകകപ്പ് വേളയില്‍ ഇത് സന്ദര്‍ശകര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി മൊബിലിറ്റി ഓപ്പറേഷന്‍സ് ഡയറക്ടര്‍ താനി അല്‍ സറാര്‍റ പറഞ്ഞു.
”സുപ്രീം കമ്മിറ്റിയും ഗതാഗത മന്ത്രാലയവും റൈഡ് ഷെയറിംഗ് ഡ്രൈവര്‍മാരുടെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയത്, വരും മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന ഡിമാന്‍ഡ് വര്‍ദ്ധനയെ നേരിടാന്‍ സഹായിക്കുന്നതിന് വിശാലമായ കമ്മ്യൂണിറ്റിയിലേക്ക് ടാപ്പ് ചെയ്യുന്നതിനുള്ള മികച്ച ചുവടുവെപ്പാണെന്ന് യൂബര്‍ ഖത്തര്‍ ജനറല്‍ മാനേജര്‍ നാസര്‍ അല്‍-ഷര്‍ഷാനി പ്രതികരിച്ചു.
ഖത്തറിന്റെ മൊബിലിറ്റി ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തെ പിന്തുണയ്ക്കുന്നതിലും അതിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതിലും ഞങ്ങള്‍ സന്തുഷ്ടരാണ്, അദ്ദേഹം പറഞ്ഞു.