
ഖത്തറില്‍ താമസവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ വേണ്ട , ഫിഫ 2022 ലോകകപ്പിനായി ഖത്തര്‍ അക്കോമഡേഷന്‍ ഏജന്‍സി പോര്‍ട്ടല്‍ വഴി ബുക്കിംഗിനായി 70,000-ലധികം മുറികള്‍ ഇനിയും ബാക്കി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ താമസവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ വേണ്ട , ഫിഫ 2022 ലോകകപ്പിനായി ഖത്തര്‍ അക്കോമഡേഷന്‍ ഏജന്‍സി പോര്‍ട്ടല്‍ വഴി ബുക്കിംഗിനായി 70,000-ലധികം മുറികള്‍ ഇനിയും ബാക്കി.
ലോകകപ്പുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ആശങ്ക ഉയര്‍ന്നിരുന്നത് ആരാധകര്‍ക്ക് താമസം എങ്ങനെ ഉറപ്പാക്കും എന്നത് സംബന്ധിച്ചായിരുന്നു. എന്നാല്‍ വൈവിധ്യമാര്‍ന്ന താമസ സംവിധാനങ്ങളും അയല്‍ രാജ്യങ്ങളില്‍ താമസിച്ച് അനായാസം ഖത്തറിലെത്തി കളി കാണാനുള്ള ഏര്‍പാടുകളും പൂര്‍ത്തീകരിച്ചാണ് സംഘാടകര്‍ പ്രശ്‌നം പരിഹരിച്ചത്. ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന് വിസിലുയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇനിയും 70000 റൂമുകള്‍ ബാക്കിയാണെന്നാണ് കഴിഞ്ഞ ദിവസം സംഘാകര്‍ അറിയിച്ചത്.
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022-ല്‍ പങ്കെടുക്കുന്ന ആരാധകര്‍ക്ക് ബുക്ക് ചെയ്യാന്‍ 70,000 മുറി രാത്രികള്‍ കൂടി ലഭ്യമാണ്.ഖത്തര്‍ അക്കോമഡേഷന്‍ ഏജന്‍സി (ക്യുഎഎ) പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്യുന്ന മുറികള്‍ രണ്ട് ആളുകളുടെ താമസസ്ഥലത്തെ അടിസ്ഥാനമാക്കി ഒരു രാത്രിക്ക് 120 യുഎസ് ഡോളര്‍ മുതലാണ് വില എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഒന്ന് മുതല്‍ അഞ്ച് നക്ഷത്രങ്ങള്‍ വരെയുളള ഹോട്ടലുകള്‍ ലഭ്യമാണ്. കൂടാതെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും, ആക്‌സസ് എന്റര്‍ടൈന്‍മെന്റ് ഹബ്ബുകളുള്ള ഫാന്‍ വില്ലേജുകള്‍, ക്രൂയിസ് കപ്പല്‍ ഹോട്ടലുകള്‍, ഡൗ ബോട്ടുകള്‍, ഹോളിഡേ ഹോമുകള്‍ എന്നിവയുള്‍പ്പെടെ വിപുലമായ താമസ സൗകര്യങ്ങളും ലഭ്യമാണ് .