സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയ രാവ് സമ്മാനിച്ച ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഫിഫ 2022 ലോകകപ്പിന്റെ കലാശക്കൊട്ടിന് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയ രാവ് സമ്മാനിച്ചു.
മേഖലയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തെ സംഗീതസാന്ദ്രമാക്കി, റാഹത് ഫത്തേഹ് അലി ഖാനും സുനിധി ചൗഹാനും സംഘവും ആസ്വാദനത്തിന്റെ വിവിധ തലങ്ങളിലേക്ക് കൂട്ടികൊണ്ടുപോയപ്പോള്‍ സ്‌റ്റേഡിയത്തിലേക്കൊഴുകിയ പതിനായിരങ്ങള്‍ ബോളിവുഡ് സംഗീതത്തിന്റെ മാസ്മരിക ലഹരിയിലാറാടുകയായിരുന്നു. സ്‌റ്റേഡിയത്തിനകത്തും പുറത്തും സംഗീതാസ്വാദകരുടേയും ഫുട്‌ബോള്‍ ആരാധകരുടേയും ആവേശപ്രകടനങ്ങള്‍ കാണാമായിരുന്നു.
ഖവ്വാലി, ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ എക്സ്പോണന്റ് റാഹത് ഫതഹ് അലി ഖാന്‍ തുടങ്ങി വെച്ച സംഗീതപ്പെരുമഴ പ്രശസ്ത ഇന്ത്യന്‍ പിന്നണി ഗായിക സുനിധി ചൗഹാനിലെത്തിയപ്പോള്‍ ലുസൈല്‍ സ്‌റ്റേഡിയത്തിലെ സംഗീതാസ്വാദകരെ ഇളക്കി മറിച്ചു.
സ്റ്റേഡിയം സൗകര്യങ്ങള്‍ പരീക്ഷിക്കുന്നതിനും ജനങ്ങള്‍ക്ക് സ്റ്റേഡിയവുമായി പരിചയപ്പെടാനുമുള്ള അവസരമായും ലുസൈല്‍ ബോളിവാര്‍ഡ് ഉദ്ഘാടനത്തിന്റെ ഭാഗമായും മൂന്ന് ദിവസം നീണ്ടുനിന്ന ദര്‍ബ് ലുസൈല്‍ ആഘോഷപരിപാടികള്‍ ഇന്ന് സമാപിക്കും.