എട്ടാമത് സി എ പ്രൊഫഷണല്‍ അചീവേഴ്‌സ് അവാര്‍ഡ് ഷെജി വലിയകത്തിന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ സി എ ഖത്തര്‍ ചാപ്റ്ററിന്റെ എട്ടാമത് പ്രൊഫഷണല്‍ അച്ചീവര്‍സ് അവാര്‍ഡിന് എസ്.വി.പി ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ ഷെജി വലിയകത്തിനെ തെരഞ്ഞെടുത്തു. ചാപ്റ്ററിന്റെ പഴയകാല ചെയര്‍മാനും , ഇപ്പോഴത്തെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര് വൈസ് പ്രെസിഡന്റുമായ ഷെജി പ്രാഫഷണല്‍ രംഗത്തെ മികവിന് പുറമേ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവമാണ് .
സിഎ ഖത്തര്‍ ചാപ്റ്ററിന്റെ സ്ഥാപക ചെയര്‍മാന്‍ സിഎ ദിലീപ് താക്കറിനുള്ള ആദരസൂചകമായി ഖത്തര്‍ ചാപ്റ്റര്‍ ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഖത്തറില്‍ താമസിക്കുന്ന ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ അക്കൗണ്ടിംഗ്, ഫിനാന്‍സ് പ്രൊഫഷന്‍, വ്യവസായം, സിഎ പ്രൊഫഷന്‍, സാമൂഹിക സേവനം എന്നിവയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നതിനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 1981-ല്‍ സ്ഥാപിതമായ ദോഹ ചാപ്റ്റര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ആദ്യ വിദേശ ചാപ്റ്ററാണ്. ആയിരത്തോളം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരാണ് ഖത്തറില്‍ ജോലിചെയ്യുന്നത് .